നഗരത്തിൽ വീണ്ടും പൈപ്പ് പൊട്ടി

എറണാകുളം എസ് ആർ എം റോഡിൽ ജലവിഭവ വകുപ്പിന്റെ പൈപ്പ് ചോർച്ചയുണ്ടായിടത്ത് അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികൾ
കൊച്ചി
കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന നാട്ടുകാരെ വലച്ച് നഗരത്തിൽ വീണ്ടും ജലവിതരണ പൈപ്പ് പൊട്ടി. എറണാകുളം നോർത്ത് എസ്‌ആർഎം റോഡിലാണ് വ്യാഴം രാവിലെ പൈപ്പ് പൊട്ടിയത്. രണ്ടാഴ്ചയായി ചോർച്ചയുണ്ടായിരുന്ന ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുകയായിരുന്നു.
കലൂർ ഭാഗത്തുനിന്ന് വടുതല, ബോട്ട് ജെട്ടി, അയ്യപ്പൻകാവ്, പച്ചാളം, മണപ്പാട്ടിപ്പറമ്പ്, എസ്‌ആർഎം റോഡ് എന്നിവിടങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തി ചോർച്ച അടച്ച് ജലവിതരണം താൽക്കാലികമായി പുനഃസ്ഥാപിച്ചു.
സമീപത്ത് ചോർച്ചയുള്ള ഭാഗത്തെ തകരാറുകളും ജലഅതോറിറ്റി ജീവനക്കാരുടെ നേതൃത്വത്തിൽ പരിഹരിച്ചു. അറ്റകുറ്റപ്പണികൾക്കായി റോഡ് പൂർണമായി അടച്ചതോടെ മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. എളമക്കര പേരണ്ടൂരിലും കഴിഞ്ഞദിവസം പൈപ്പ് പൊട്ടി കുടിവെള്ളവിതരണം മുടങ്ങിയിരുന്നു. സ്വകാര്യ ഫ്ലാറ്റിലേക്ക് ഭൂഗർഭ വൈദ്യുതിലൈൻ സ്ഥാപിക്കുന്നതിനിടെയാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്.
നഗരത്തിൽ ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ അടിക്കടി പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെടുന്നത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതും മേൽനോട്ടത്തിലെ വീഴ്‌ചയുമാണ് നഗരത്തിലെ വിവിധയിടങ്ങളിൽ തുടർച്ചയായി പൈപ്പ് പൊട്ടുന്തിന് കാരണം. ജല അതോറിറ്റിയുടെയും കോർപറേഷന്റെയും അലംഭാവവും പ്രതിസന്ധി ഇരട്ടിയാക്കുന്നു.









0 comments