വാട്ടർ അതോറിറ്റി പൈപ്പിൽനിന്ന് മലിനജലം: പ്രതിഷേധം ശക്തം

മലിനജലപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് സിപിഐ എം പെരുമ്പാവൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകുന്നു
പെരുമ്പാവൂർ
വാട്ടർ അതോറിറ്റി പൈപ്പിലൂടെ ദുർഗന്ധം വമിക്കുന്ന മലിനജലം വരുന്നത് പരിഹരിക്കാത്തതിനാൽ പ്രതിഷേധം ശക്തം. പെരുമ്പാവൂർ നഗരസഭ 24–ാംവാർഡിൽ വാട്ടർ അതോറിറ്റി പൈപ്പ്‌ലൈനിലൂടെ കുറേനാളായി മലിനജലമാണ് വരുന്നത്.
വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും ആവശ്യത്തിന് ഇൗ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. മലിനജലം വരാൻ തുടങ്ങിയതോടെ കിണർ സൗകര്യമില്ലാത്ത വീട്ടുകാർ ഒഴിഞ്ഞുപോകുകയാണ്. നിരവധി പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
നഗരത്തിൽ മലിനജലം ഒഴുകുന്ന കാനയിലൂടെയാണ് ജലവിതരണ പൈപ്പുകളും സ്ഥാപിച്ചിട്ടുള്ളത്. പൈപ്പുകൾ കാലപ്പഴക്കംകൊണ്ട് ദ്രവിക്കുകയോ പൊട്ടുകയോ ചെയ്താൽ അതിലൂടെ മലിനജലം പൈപ്പിനകത്തേക്ക് കയറും. പൈപ്പ് പൊട്ടിയ സ്ഥലം കണ്ടെത്തി അടിയന്തരമായി പരിഹരിക്കണമെന്നും ശുദ്ധജലവിതരണം പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്നും സിപിഐ എം വെസ്റ്റ് ലോക്കൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ഏരിയ കമ്മിറ്റി അംഗം വി പി ഖാദർ, ലോക്കൽ സെക്രട്ടറി പി സി ബാബു, സിഐടിയു ഏരിയ ട്രഷറർ കെ ഇ നൗഷാദ്, കൗൺസിലർ വി പി ബാബു, കെഎസ്‌കെടിയു വില്ലേജ് സെക്രട്ടറി ഗിരി ബേബി എന്നിവർ ചേർന്ന് വാട്ടർ അതോറിറ്റി അധികൃതർക്ക് നിവേദനം നൽകി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുനിസിപ്പൽ ചെയർപേഴ്സനും സിപിഐ എം പരാതി നൽകിയിട്ടുണ്ട്.








0 comments