Deshabhimani

ദേശീയപാത

പഴയപാലം പൊളിക്കാനും സമരപ്പന്തൽ നീക്കാനും കലക്ടറുടെ ഉത്തരവ്

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ പുതിയപാലം പണി പൂർത്തിയാക്കാനും പഴയപാലം പൊളിച്ച് മാറ്റാനും ഗതാഗതം സുഖമമാക്കാൻ ജനകീയ സമരസമിതിയുടെ പന്തൽ പൊളിച്ച് മാറ്റാനും കലക്ടർ ശ്രീധന്യ സുരേഷ് ഉത്തരവിട്ടു.
വെബ് ഡെസ്ക്

Published on Oct 08, 2026, 02:00 AM | 1 min read

നീലേശ്വരം

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ പുതിയപാലം പണി പൂർത്തിയാക്കാനും പഴയപാലം പൊളിച്ച് മാറ്റാനും ഗതാഗതം സുഖമമാക്കാൻ ജനകീയ സമരസമിതിയുടെ പന്തൽ പൊളിച്ച് മാറ്റാനും കലക്ടർ ശ്രീധന്യ സുരേഷ് ഉത്തരവിട്ടു. ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട്, ഐഐടി മദ്രാസ് നടത്തിയ പഠനത്തിൽ പഴയപാലത്തിന്റെ ഘടനാപരമായ സുസ്ഥിരത സംബന്ധിച്ച അന്തിമ റിപ്പോർട്ടിൽ നിലവിലുള്ള പ്രധാനപാലം അപകടകരമായ അവസ്ഥയിലാണ്. അതിലൂടെയുള്ള ഗതാഗതം എത്രയും വേഗം വഴിതിരിച്ചുവിടണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാലം പൊളിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ഉത്തരവിട്ടത്. പഴയപാലത്തിലൂടെയുള്ള ഗതാഗതം തുടരുന്നത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാഞ്ഞങ്ങാട് ആർഡിഒയും റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്. പുതിയ പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിന്, വാഹനങ്ങൾക്ക് പ്രവേശിക്കാനായി പാലത്തിന്റെ തെക്ക് ഭാഗത്തുള്ള റാമ്പ് സൗകര്യം അടിയന്തരമായി പൂർത്തിയാക്കാൻ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ സമരക്കാർ സ്ഥാപിച്ചിട്ടുള്ള ഷെഡ് സ്ഥലത്തുനിന്ന് നീക്കംചെയ്യാനും കലക്ടറുടെ ഉത്തരവിൽ പറയുന്നു. സാഹചര്യത്തിന്റെ അടിയന്തര സ്വഭാവവും പഴയപാലത്തിന്റെ അപകടകരമായ അവസ്ഥയും കണക്കിലെടുത്ത് നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ നിർമാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിന് ആവശ്യമായ പൊലീസ് സുരക്ഷ നൽകാൻ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. നീലേശ്വരം നഗരസഭ പൊതുജനങ്ങൾക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകണമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home