ചണക്കൈതയിൽനിന്ന് നൂതന അസ്ഥി സിമന്റ്; കുസാറ്റിന് പേറ്റന്റ്

കളമശേരി
അസ്ഥി ചികിത്സയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന "ജൈവ സിമന്റ്' കണ്ടുപിടിത്തത്തിന് കുസാറ്റിന് പേറ്റെന്റ്. പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വകുപ്പ് മേധാവി ഡോ. ജി എസ് ശൈലജ, പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. കെ ആർ സ്നേഹ എന്നിവർ വികസിപ്പിച്ചെടുത്ത ബ്രൂഷൈറ്റ് ബോൺ സിമന്റിനും സാങ്കേതികവിദ്യയ്ക്കുമാണ് (എ റേഡിയോപേക്ക് ബ്രൂഷൈറ്റ് ബോൺ സിമന്റ് ഫോർമുലേഷൻ ആൻഡ് മെതേർഡ് ഓഫ് പ്രിപ്പറേഷൻ) പേറ്റെന്റ് ലഭിച്ചത്.
ചണക്കൈതയുടെ നാരുകളിൽനിന്ന് വേർതിരിച്ചെടുത്ത് സംസ്കരിച്ച നാനോസെല്ലുലോസ് ആണ് ബോൺ സിമന്റിന്റെ പ്രധാന ഘടകം. എക്സ് -റേ ദൃശ്യപരത കൂടിയതിനാൽ, സുരക്ഷിതമായി കുറഞ്ഞ തീവ്രതയുള്ള എക്സ്- റേ ഉപയോഗിച്ച് ചികിത്സ നടത്താനാകും. ഇത് പുതിയ അസ്ഥികളുടെ വളർച്ചയെ പിന്തുണയ്ക്കുകയും സുഖപ്പെടുമ്പോൾ ക്രമേണ ഇത് ശരീരത്തിൽ ആഗിരണം ചെയ്യപ്പെടും.
പൊട്ടിയ അസ്ഥികളെ പരസ്പരം കൂട്ടിയോജിപ്പിക്കാവുന്നതും ചെറിയ മുറിവുകളിലൂടെയുള്ള അസ്ഥി ശസ്ത്രക്രിയകളിൽ ഉപയോഗിക്കാവുന്നതുമായ ജൈവ പദാർഥമാണ് ഇത്. പ്രായമായവരിലെ ഓസ്റ്റിയോപോറോസിസ്, വെർട്ടിബ്രൽ ഒടിവുകൾ തുടങ്ങിയവ ചികിത്സിക്കുന്നതിലും ദന്തചികിത്സയിലും സാങ്കേതികവിദ്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഡോ. ശൈലജ പറഞ്ഞു.









0 comments