പുതിയ കെഎസ്ആർടിസി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു

പറവൂർ കെഎസ്ആർടിസി ഡിപ്പോയിൽ പുതിയ ബസുകൾ മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
പറവൂർ
കെഎസ്ആർടിസി പറവൂർ ഡിപ്പോയിൽനിന്ന് ഏഴ് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫും പുതിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണോദ്‌ഘാടനവും മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു.
മൈസൂരുവിലേക്ക് രണ്ട് ഫാസ്റ്റ് പാസഞ്ചറുകൾ, ചാത്തനാട്, തത്തപ്പിള്ളി, ഗോതുരുത്ത്, പുത്തൻവേലിക്കര എന്നിവിടങ്ങളിലുള്ളവർക്ക് എറണാകുളം മെഡിക്കൽ കോളേജ്, ആലുവ, എറണാകുളം, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്ക് എത്താൻ അഞ്ച് പുതിയ ഓർഡിനറി ബസുകൾ എന്നിവയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
രാവിലെ 5.30നും പകൽ 12.30നുമാണ് മൈസൂർ ബസുകൾ പുറപ്പെടുന്നത്. 23 മുതൽ പഴനി, മധുര എന്നിവിടങ്ങളിലേക്കും 31ന് വേളാങ്കണ്ണിയിലേക്കും പുതിയ സർവീസുകൾ തുടങ്ങും.
പറവൂരിൽനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംവഴി ലക്ഷദ്വീപിലേക്കുള്ള ടൂറിസം പാക്കേജും തയ്യാറാക്കിയിട്ടുണ്ട്. നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് അധ്യക്ഷനായി. കെഎസ്ആർടിസി എംഡി
ഡോ. പി എസ് പ്രമോജ് ശങ്കർ, നഗരസഭാ ഉപാധ്യക്ഷ ലൈജി ബിജു, ഷേർലി ബെനറ്റ്, നന്ദിനി രമേഷ് എന്നിവർ സംസാരിച്ചു.








0 comments