ഇനി യാത്ര വേറെ ലെവൽ
മാസ് എൻട്രിക്കായി കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസ്

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസ്
കൊച്ചി
അത്യാധുനികതയുടെ ചിറകിലേറി, ആഡംബരത്തിന്റെ ആകാശംതൊട്ട് കെഎസ്ആർടിസിയുടെ ‘ബിസിനസ് ക്ലാസ്' ബസ് ഉടൻ നിരത്തിലേക്ക്. വിരൽത്തുമ്പിൽ വിസ്‌മയങ്ങളും ഇരിപ്പിടങ്ങളിൽ ഇന്ദ്രജാലവും ഒളിപ്പിച്ച്, കേരളത്തിന്റെ പൊതുയാത്രാസംവിധാന ചരിത്രത്തെത്തന്നെ പുതുക്കുന്നതാണ് കെഎസ്ആർടിസിയുടെ ശീതീകരിച്ച പുതിയ പ്രീമിയം സർവീസ്. വിമാനങ്ങളിലെ ബിസിനസ് ക്ലാസിന് സമാനമായ സൗകര്യങ്ങളൊരുക്കിയാണ് കെഎസ്ആർടിസി ചരിത്രം സൃഷ്‌ടിക്കാനൊരുങ്ങുന്നത്. കൊച്ചിയിലെ ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് സർവീസുകൾ. രണ്ടെണ്ണത്തിൽ ഒന്ന് എറണാകുളം ഡിപ്പോയ്‌ക്ക് ലഭിക്കും. അടുത്ത ആഴ്‌ചമുതൽ സർവീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം-–എറണാകുളം റൂട്ടിലാണ് സർവീസ് നടത്തുക. രാവിലെ 5.15ന് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. അതേസമയംതന്നെ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും സർവീസുണ്ടാകും. നാലുമണിക്കൂറിൽ ലക്ഷ്യസ്ഥാനത്തെത്തുന്ന രീതിയിലാണ് ട്രിപ്പുകൾ. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ ഈ സ്റ്റോപ്പുകളും ഒഴിവാക്കും.
ലക്ഷ്വറി സൗകര്യങ്ങൾ
വോൾവോയുടെ ഏറ്റവും പുതിയ മോഡൽ ബസുകളെ അടിസ്ഥാനമാക്കിയാണ് ബസിന്റെ രൂപകൽപ്പന. നീലയും സിൽവറും കലർന്നതാണ് പുറംമോടി. സാധാരണ വോൾവോ ബസുകളെക്കാൾ സീറ്റുകളുടെ എണ്ണം കുറവാണ്. 35 സീറ്റുകൾ മാത്രം. വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത, ഇരട്ട തുകൽ ആവരണംചെയ്ത പുഷ്‌ബാക്ക് സീറ്റുകളാണ്. ഓരോ സീറ്റിന് പിന്നിലും ഇന്റർനെറ്റ് കണക്‌ടിവിറ്റിയുള്ള വ്യക്തിഗത സ്ക്രീനുകൾ, ഹെഡ്‌സെറ്റ്, വൈഫൈ എന്നിവയുമുണ്ട്. യാത്രയുടെ തത്സമയ വിവരങ്ങളും അടുത്ത സ്റ്റോപ്പും സ്‌ക്രീനിലൂടെ അറിയാം. മൊബൈൽ ചാർജിങ് പോയിന്റുകൾ, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക്, ഫുട്ട് റെസ്റ്റ്, വിൻഡോ കർട്ടനുകൾ എന്നിവയുമുണ്ട്.
ആതിഥ്യമരുളാൻ ‘ബസ് ഹോസ്റ്റസ്'
വിമാനങ്ങളിലെ എയർ ഹോസ്റ്റസ് മാതൃകയിൽ യാത്രക്കാരെ സഹായിക്കാൻ ‘ബസ് ഹോസ്റ്റസ്' സേവനമാണ് പ്രധാന ‘ഹൈലൈറ്റ്’. കണ്ടക്ടർ ലൈസൻസ് നേടിയ, പ്രത്യേകം പരിശീലനം ലഭിച്ച വനിതകളാണ് ഹോസ്റ്റസ് ആയി ഉണ്ടാവുക. യാത്രക്കാർക്ക് ആവശ്യമായ ലഘുഭക്ഷണങ്ങളും മറ്റു സഹായങ്ങളും ഇവർ ഉറപ്പാക്കും. ടിക്കറ്റ് പരിശോധിക്കുന്നതും ഇവരാണ്.
യാത്രയ്ക്കിടയിൽ വിശപ്പടക്കാൻ ബസിനുള്ളിൽത്തന്നെ പാൻട്രി സജ്ജീകരിച്ചിട്ടുണ്ട്. ചായ, കാപ്പി, ലഘുഭക്ഷണങ്ങൾ എന്നിവയ്‌ക്കൊപ്പം മിൽമയുടെ ഐസ്‌ക്രീമും ഇവിടെ ലഭ്യമാക്കും. ഇതിനായി യാത്രക്കാർ പ്രത്യേകനിരക്ക് നൽകേണ്ടിവരും. ബയോ ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് കെഎസ്‌ആർടിസി വെബ്‌സൈറ്റിലൂടെ ബുക്ക്‌ചെയ്യാം. ട്രാവൽകാർഡ് ഉപയോഗിച്ചും യാത്രയാകാം.









0 comments