Deshabhimani

കോട്ടുവള്ളി പഞ്ചായത്ത്

പ്രധാന തസ്തികകളിൽ ജീവനക്കാരില്ല

Kottuvally Panchayath
avatar
സ്വന്തം ലേഖകൻ

Published on Nov 15, 2026, 02:02 AM | 1 min read

പറവൂർ


അക്കൗണ്ടന്റിന്റെയും ഹെഡ്ക്ലര്‍ക്കിന്റെയും ഒഴിവിലേക്ക് പകരം ആളെ നിയമിക്കാത്തത് കോട്ടുവള്ളി പഞ്ചായത്ത് ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നു. നിലവിലുണ്ടായിരുന്ന ഹെഡ് ക്ലര്‍ക്ക് ആറുമാസംമുന്പാണ് സര്‍വീസില്‍നിന്ന്‌ വിരമിച്ചത്. തൊട്ടടുത്ത ആഴ്ചകളില്‍ത്തന്നെ അക്കൗണ്ടന്റും മറ്റൊരിടത്തേക്ക് സ്ഥലംമാറിപ്പോയി. പ്രധാന പോസ്റ്റുകളില്‍ ഒഴിവുവന്ന്‌ മാസങ്ങളേറെയായിട്ടും പകരം ആളെ നിയമിക്കാത്തത്‌ പഞ്ചായത്തിലെ പദ്ധതികളുടെ നടത്തിപ്പിനെ കാര്യമായി ബാധിച്ചു.


ജില്ലയിലെതന്നെ വലിയ പഞ്ചായത്തുകളിലൊന്നാണ് കോട്ടുവള്ളി. 24 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ നിത്യേന നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങളുമായി വരുന്നത്. യഥാസമയം ബില്ലുകള്‍ മാറാന്‍ കഴിയാത്തത് പദ്ധതികളുടെ നടത്തിപ്പിനെയും പിറകോട്ട് വലിക്കുകയാണ്. പട്ടികജാതി നഴ്‌സറി സ്‌കൂളില്‍ നാലുമാസത്തെ ബില്ലുകളാണ് മാറാതെ കിടക്കുന്നത്. നിലവില്‍ സ്‌കൂളിലെ അധ്യാപികയുടെ കൈയിൽനിന്ന്‌ പണം ചെലവഴിച്ചിരിക്കുകയാണ്. ഇതുള്‍പ്പടെ ഒട്ടേറെ ബില്ലുകളാണ് മാറാനാകാതെ കിടക്കുന്നത്.


പ്രധാന തസ്‌തികകളിലെ ഉദ്ദ്യോഗസ്ഥരുടെ അഭാവംമൂലം പഞ്ചായത്തില്‍ കാര്യങ്ങളെല്ലാം മന്ദഗതിയിലാണ്. നേരത്തേ നമ്പര്‍ ഇട്ടുനല്‍കുകയും വൈദ്യുതി, കുടിവെള്ള കണക്ഷനുകളുള്ളതുമായ നൂറുകണക്കിന്‌ വീടുകള്‍ പഞ്ചായത്തിന്റെ രേഖകളില്‍ ഉള്‍പ്പെടാത്തതുമൂലം വീടിനും വീടിന്റെ അറ്റകുറ്റപ്പണിക്കും അപേക്ഷ നല്‍കാന്‍പോലും കഴിയാത്ത സ്ഥിതിയാണ്‌. പഞ്ചായത്തില്‍ 2026–-27 സാമ്പത്തികവര്‍ഷത്തിലെ പദ്ധതിവിനിയോഗത്തില്‍ 10 ശതമാനത്തില്‍ താഴെമാത്രമാണ് നടന്നിട്ടുള്ളതെന്ന്‌ പ്രതിപക്ഷനേതാവ് കെ കെ സതീശന്‍ പറഞ്ഞു. ഉടനടി ഉദ്യോഗസ്ഥനിയമനം നടത്തി പദ്ധതിപ്രവര്‍ത്തനം കാര്യക്ഷമമാക്കി ജനങ്ങള്‍ക്ക് യഥാസമയം സേവനങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home