കൂറ്റൻ യന്ത്രഭാഗവുമായി ലോറി വഴിയിൽ കുടുങ്ങി; ഗതാഗതക്കുരുക്ക്

കൂറ്റൻ യന്ത്രഭാഗവുമായെത്തിയ ട്രെയിലർ ലോറി ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങിയപ്പോൾ
തൃപ്പൂണിത്തുറ
കൂറ്റൻ യന്ത്രഭാഗവുമായി വന്ന ട്രെയിലർ ലോറി ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങി. രാജസ്ഥാനിൽനിന്ന് വെള്ളൂരിലേക്കുപോയ ലോറിയാണ് വഴിതെറ്റി തൃപ്പൂണിത്തുറ പഴയ ബസ്‌സ്റ്റാൻഡ് – കിഴക്കേക്കോട്ട പ്രധാന റോഡിൽ കുടുങ്ങിയത്.
വെള്ളി രാത്രിയെത്തിയ ലോറി റിഫൈനറി റോഡ് വഴി വിളക്ക് ജങ്‌ഷനിൽനിന്ന് തിരിഞ്ഞുപോകേണ്ടതിനുപകരം എസ്എൻ ജങ്‌ഷനിൽനിന്ന് കിഴക്കേക്കോട്ട മെയിൻ റോഡിലേക്ക് കയറുകയായിരുന്നു. ഇടുങ്ങിയ റോഡിൽ താഴ്ന്നുകിടന്ന കേബിളുകളും മറ്റും വാഹനസഞ്ചാരത്തിന് തടസ്സമായി മാറി. ഒട്ടേറെ സമയമെടുത്ത് ലോറി പ്രധാന റോഡിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനടുത്തെത്തിയപ്പോൾ ഡീസൽ തീർന്നു. ഇതോടെ ലോറി റോഡിന് വലതുവശത്ത് ഒതുക്കിയിട്ടു.
ശനി രാവിലെ പമ്പിൽനിന്ന് ഡീസലെത്തിച്ച് ടാങ്കിൽ ഒഴിച്ചെങ്കിലും പകൽസമയത്തെ യാത്ര ഗതാഗതക്കുരുക്കിന് കാരണമാകുമെന്നതിനാൽ സഞ്ചാരം രാത്രിയിലേക്ക് മാറ്റി. വീതികുറഞ്ഞ റോഡിൽ വെസലുമായി ലോറി കിടന്നതോടെ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ശനി പകൽ ബുദ്ധിമുട്ടിയാണ് ഇവിടം കടന്നത്. പേട്ടയിൽനിന്ന് മിനിബൈപാസ് വഴി പോകാമെന്നിരിക്കെ തൃപ്പൂണിത്തുറ ടൗണിലേക്ക് കടന്നതാണ് ലോറിക്ക് കെണിയായത്.







0 comments