ദീർഘദൂര റൂട്ട് സ്വകാര്യലോബിക്ക് കെ എസ്ആർടിസിക്ക് നഷ്ടം

തിരുവനന്തപുരം:
മികച്ച വരുമാനം ലഭിക്കുന്ന ദീർഘദൂര റൂട്ടുകൾ സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബിക്ക് തീറെഴുതാന്‍ കെഎസ്ആര്‍ടിസി നീക്കം. സൗജന്യ യാത്രാപദ്ധതിമൂലം പ്രതിസന്ധിയിലായ ഉടമകളെ സഹായിക്കാനെന്ന പേരിലാണിത്. ഇതിനായി സ്വകാര്യബസുകൾ വാടകയ്ക്കെടുക്കുന്നത് കെഎസ്‌ആർടിസിയെ കൂടുതൽ നഷ്‌ടത്തിലാക്കും. 15 ബസുകളാണ് വെറ്റ് ലീസ് വ്യവസ്ഥയിൽ നിരത്തിലിറക്കിയത്. നൂറിലധികം ബസുകൾ വാടകയ്ക്ക് എടുക്കാനും നടപടി തുടങ്ങി.
ദിവസം 300 കിലോമീറ്ററിൽ കൂടുതൽ ഓടുന്ന എസി ബസുകൾക്ക് കിലോമീറ്ററിന് 50 രൂപയും 300 കിലോമീറ്ററിൽ താഴെ 53 രൂപയുമാണ് വാടക. 200 മുതൽ 299 കിലോമീറ്റർ നോൺ- എസി ബസുകൾക്ക് 48 രൂപ, 300 മുതൽ 400 കിലോമീറ്റർവരെ 47രൂപ, 400 കിലോമീറ്ററിന് മുകളിൽ 46 രൂപയും നൽകണം. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്കുള്ള 748 കിലോമീറ്റർ സർവീസിന് എസി ബസിന് 50 രൂപ നിരക്കിൽ 37,400 രൂപയും നോൺ -എസിക്ക് 46 രൂപ നിരക്കിൽ 34,408 രൂപയും വാടക നൽകണം.
ബസിലെ കെഎസ്ആർടിസി കണ്ടക്ടർമാരുടെ ശമ്പളം, ടോൾ തുക, സ്റ്റേജ് കാര്യേജ് പെർമിറ്റ് ഫീസ് എന്നിവകൂടി ആകുമ്പോൾ ചെലവ് 40,000 കടക്കും.
എന്നാൽ 25,000–30,000 രൂപ മാത്രമാണ് ശരാശരി കലക്ഷൻ. ഒരു ബസിൽനിന്ന് ദിവസം 10,000 രൂപയാണ് നഷ്ടം.
സർവീസ് മുടങ്ങിയാലും 3,000 കിലോമീറ്ററിനുള്ള പണം മാസം തോറും കെഎസ്ആർടിസി നൽകണമെന്നും വ്യവസ്ഥയുണ്ട്. ഡ്രൈവറെ നിയമിക്കുന്നത് ബസ്സുടമകളായതിനാൽ കെഎസ്ആർടിസി ഡ്രൈവർമാർക്ക് ഡ്യൂട്ടിയും നഷ്ടമാകും.








0 comments