മാറാനുറച്ച് കോട്ടുവള്ളി

വി ദിലീപ്‌കുമാർ
Published on Dec 02, 2025, 02:00 AM | 1 min read
പറവൂർ
കോട്ടുവള്ളി പഞ്ചായത്ത് പൂർണമായും ഏഴിക്കര, ചേന്ദമംഗലം പഞ്ചായത്തുകളിലെ ഏഴ് വാർഡുകൾവീതവും ചിറ്റാറ്റുകര പഞ്ചായത്തിലെ നാല് വാർഡുകളും ചേർന്നതാണ് ജില്ലാപഞ്ചായത്ത് കോട്ടുവള്ളി ഡിവിഷൻ. അടിസ്ഥാനസൗകര്യങ്ങൾപോലും മെച്ചപ്പെടുത്താൻ നിലവിലെ യുഡിഎഫ് ജനപ്രതിനിധിക്കായില്ലെന്ന പരാതിയാണ് ഡിവിഷനിലെങ്ങും.
പത്തുവർഷത്തെ വികസനമുരടിപ്പിന് ഇക്കുറി മറുപടി നൽകാനുറച്ചാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ‘ഡാളി’യെന്ന് വിളിക്കുന്ന ഫിലോമിന സെബാസ്റ്റ്യനെ ഭാവിപ്രതീക്ഷയായി വോട്ടർമാർ ചൂണ്ടിക്കാട്ടുന്നു. 2005 മുതൽ 2015 വരെ കോട്ടുവള്ളി പഞ്ചായത്ത് അംഗമായിരുന്നതിന്റെ അനുഭവസമ്പത്തും വികസന കാഴ്ചപ്പാടും ഡിവിഷനിലെ പ്രവർത്തനങ്ങൾക്ക് തുണയാകുമെന്നാണ് പ്രതീക്ഷ. സിപിഐ എം വള്ളുവള്ളി മില്ലുപടി ബ്രാഞ്ച് അംഗം, വള്ളുവള്ളി അമലോത്ഭവ മാത പള്ളി ലീജിയൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സജീവമാണ്. മത്സ്യ-ത്തൊഴിലാളി മേഖലയിൽ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കി ജീവിതസൗകര്യം വർധിപ്പിക്കാനുതകുന്ന പദ്ധതികൾക്കാണ് മുഖ്യപരിഗണന.
തീരപ്രദേശത്തെ ഓരുജലഭീഷണിയില്ലാതാക്കൽ, ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലെ കായൽ ടൂറിസം പദ്ധതി, മുസിരീസ് പദ്ധതിയുമായി ചേർന്ന് ചേന്ദമംഗലത്തിന്റെ പൗരാണികതയും തനിമയും നിലനിർത്തൽ, കാർഷികരംഗത്തെ ഉന്നമനം, പുതിയ തൊഴിൽസംരംഭങ്ങൾ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ ഭാവിവികസനത്തിൽ എൽഡിഎഫ് ലക്ഷ്യംവയ്‌ക്കുന്നു. ഫാക്ട് റിട്ട. ജീവനക്കാരനായ വള്ളുവള്ളി കല്ലൂർ വീട്ടിൽ സെബാസ്റ്റ്യനാണ് ഫിലോമിനയുടെ ഭർത്താവ്. മക്കൾ: ജിനു സെബാസ്റ്റ്യൻ, ജിതിൻ സെബാസ്റ്റ്യൻ. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ജോർജാണ് യുഡിഎഫ് സ്ഥാനാർഥി. മഹിളാ മോർച്ച പറവൂർ മണ്ഡലം പ്രസിഡന്റ് എസ് വി ശ്രീലതയാണ് എൻഡിഎ സ്ഥാനാർഥി.








0 comments