ജില്ലാപഞ്ചായത്ത് കോട്ടുവള്ളി ഡിവിഷൻ ; വികസനമുരടിപ്പ് ചർച്ചയാക്കി എൽഡിഎഫ് പര്യടനം

പറവൂർ
കോട്ടുവള്ളി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഫിലോമിന സെബാസ്റ്റ്യന്റെ പൊതുപര്യടനത്തിന് തുടക്കമായി. പൂയപ്പിള്ളി രുധിരമാല ക്ഷേത്രത്തിനുസമീപം സിപിഐ എം നേതാവ് എം ബി സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര, ഏഴിക്കര, ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തുകളിലെ ഡിവിഷൻ പരിധികളിൽ സ്ഥാനാർഥിക്ക് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. കഴിഞ്ഞ 10 വർഷക്കാലത്തെ ഡിവിഷനിലെ വികസനമുരടിപ്പ് വോട്ടർമാരുമായി പങ്കുവച്ചു.
മത്സ്യമേഖലയിലും കാർഷികരംഗത്തും ജില്ലാപഞ്ചായത്തിന്റേതായ ഒരിടപെടലും നടത്താത്തതിന്റെ പോരായ്മകളും ഈരംഗത്തെ സർക്കാർ ഇടപെടലുകളും ഓരോ സ്വീകരണകേന്ദ്രത്തിലും ഉയർന്നുകേട്ടു. 10 വർഷം ജനപ്രതിനിധിയായിരുന്ന തനിക്ക് വികസനരംഗത്തുള്ള കാഴ്ചപ്പാടുകൾ പങ്കുവച്ച് ഹൃസ്വവാക്കിൽ സ്ഥാനാർഥിയുടെ മറുപടിപ്രസംഗം. ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ നിമിഷ രാജു, അനീജ വിജു, അഡ്വ. ടി ജി അനൂബ്, പഞ്ചായത്ത് വാർഡ് സ്ഥാനാർഥികൾ എന്നിവരും പര്യടനത്തിൽ പങ്കെടുത്തു. 27 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം പാലാതുരുത്തിൽ സമാപിച്ചു. വ്യാഴം രാവിലെ എട്ടിന് താന്നിപ്പാടത്തുനിന്ന് തുടങ്ങി വൈകിട്ട് വള്ളുവള്ളി ഗുരുമന്ദിരത്തിനുസമീപം സമാപിക്കും.









0 comments