കോതമംഗലത്ത് ആധുനിക കെഎസ്ആർടിസി ടെർമിനൽ തുറന്നു

കോതമംഗലം
എംഎൽഎ ഫണ്ടിൽനിന്ന് 2.34 കോടി രൂപ ചെലവഴിച്ച് നിർമിച്ച കോതമംഗലം കെഎസ്ആർടിസി ആധുനിക ബസ് ടെർമിനൽ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നാടിന് സമർപ്പിച്ചു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർമാൻ കെ കെ ടോമി, കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി എസ് പ്രമോദ് ശങ്കർ, എഫ്ഐടി ചെയർമാൻ ആർ അനിൽകുമാർ, എംപിഐ ചെയർമാൻ ഇ കെ ശിവൻ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി കെ ഹരികൃഷ്ണൻ, മിനി ഗോപി, ഷിബു പടപ്പറന്പത്ത് തുടങ്ങിയവർ സംസാരിച്ചു.

പുതിയ ബസ് ടെർമിനലിനായുള്ള ഇരുനിലമന്ദിരത്തിൽ താഴത്തെനിലയിൽ യാത്രക്കാർക്കായുള്ള ശീതീകരിച്ച വിശ്രമമുറി, സ്റ്റേഷൻമാസ്റ്ററുടെ മുറി, അന്വേഷണ വിഭാഗം, ജീവനക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമമുറി, ഫീഡിങ് റൂം എന്നിവയും ഒന്നാംനിലയിൽ യൂണിറ്റ് ഓഫീസ്, മിനി കോൺഫറൻസ് ഹാൾ, ടിക്കറ്റ് ക്യാഷ് കൗണ്ടർ, സ്റ്റോർ, ശുചിമുറികൾ എന്നിവയുണ്ട്. യാത്രക്കാർക്ക് സൗകര്യപ്രദമായി സമയക്രമവും മറ്റ് അറിയിപ്പുകളും ദൃശ്യമാകുന്ന എൽഇഡി ഡിസ്‌പ്ലേയും സ്ഥാപിച്ചിട്ടുണ്ട്. ഒരേസമയം എട്ടു ബസുകൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള റൂഫും ടെർമിനലിനോട് അനുബന്ധമായി നിർമിച്ചിട്ടുണ്ട്.
കംപ്യൂട്ടർ, ഫർണിച്ചർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. ഗ്രീൻ ടെർമിനൽ എന്ന നിലയിലാണ് പ്രവർത്തനം വിഭാവനം ചെയ്യുന്നത്. കോതമംഗലം കെഎസ്ആർടിസി യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ വികസനമാണ് പുതിയ ബസ് ടെർമിനലിലൂടെ സാധ്യമായതെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു.










0 comments