കൂകിപ്പാഞ്ഞ് ‘കുഹു'

കൊച്ചി
കണ്ണഞ്ചിപ്പിക്കുന്ന കെട്ടുകാഴ്‌ചകളില്ല. വാതോരാതെ സംഭാഷണ പെരുമഴയില്ല. ആസ്വാദകനെ പരീക്ഷിക്കുന്ന ആശയഭാരങ്ങളില്ല. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിലെ കാളിദാസ രംഗവേദിയിൽ ലിറ്റിൽ എർത്ത് തിയറ്റർ അരങ്ങേറ്റിയ ‘കുഹു’, സമീപകാല നാടകാനുഭവങ്ങളിൽനിന്നെല്ലാം വ്യത്യസ്‌തമായത് ഇങ്ങനെയൊക്കെ. ഒരുമണിക്കൂർ 40 മിനിറ്റിൽ കലാകാരസംഘം അരങ്ങിൽ എത്തിച്ചതെല്ലാം ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ നിറഞ്ഞ പ്രൗഢസദസ്സ് ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്.
സ്വാതന്ത്ര്യപൂർവകാലംമുതൽ ഇന്ത്യ ചരിത്രത്തിന് നെടുകെയും കുറുകെയും പായുന്ന ട്രെയിനാണ് ‘കുഹു’വിലെ കേന്ദ്രകഥാപാത്രം. ചരിത്രത്തെ ചുമന്നും വലിച്ചും നീങ്ങുന്ന അതിന്റെ താളം പതിഞ്ഞും മുറുകിയും ആദ്യവസാനം അരങ്ങിലുണ്ട്. ഒരുഡസനോളം അഭിനേതാക്കളും അവർ കൈയിലും തലയിലും പേറുന്ന തകരപ്പെട്ടികളുമാണ് ട്രെയിനും പ്ലാറ്റ്‌ഫോമും പാളങ്ങളുമായി മാറുന്നത്. സംഗീതോപകരണങ്ങളും ഗാന്ധിയുടെ ചർക്കയും ചവറ്റുകൊട്ടയും ശവമഞ്ചവുമൊക്കെയായി തകരപ്പെട്ടികൾ രൂപാന്തരപ്പെടുന്നു.
ദക്ഷിണാഫ്രിക്കയിൽ ഗാന്ധിയുടെ ഒന്നാംക്ലാസ് ട്രെയിൻ യാത്രയിലെ ദുരനുഭവംമുതൽ ഇന്ത്യ–പാക് വിഭജനത്തിന്റെ മുറിവിലൂടെയുള്ള പലായനവും ഗോധ്രയുംവരെ രക്തപങ്കിലമായ ചരിത്രത്തിലൂടെ കുഹൂ ചൂളംവിളിക്കുന്നു. കർഷകസമരത്തിന്റെ ചരിത്രംപേറുന്ന പൊഡനുർ റെയിൽവേ സ്‌റ്റേഷൻ, വാഗൺട്രാജഡിക്ക് സാക്ഷിയായ തിരൂർ, പ്രേതഭീതിയിൽ 42 വർഷം ഉപേക്ഷിച്ചിട്ട ബംഗാളിലെ ബേഗൺകോഡൂർ തുടങ്ങിയ സ്‌റ്റേഷനുകളുടെ ചരിത്രവും പറഞ്ഞുപോകുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ബലഹീനതകളെ പ്രതീകവൽക്കരിച്ച സത്യജിത് റായിയുടെ പഥേർ പാഞ്ജലിയിലെ ട്രെയിനിന്റെ വീഡിയോ പശ്ചാത്തലത്തിൽ വിദേശാധിനിവേശകാലത്തെ അതിക്രമങ്ങളിലേക്കും നാടകം യാത്രചെയ്യുന്നു. പ്രണയവും വിരഹവും കാത്തിരിപ്പുമൊക്കെ റെയിൽ അനുഭവങ്ങളായിത്തന്നെ വ്യാഖ്യാനിക്കപ്പെടുന്നു. എല്ലാ കാത്തിരിപ്പിനുമൊടുവിൽ സമത്വവും സമാധാനവുംനിറഞ്ഞ യാത്രയ്‌ക്കുള്ള വണ്ടി എത്താതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് കുഹൂ പൂർത്തിയാകുന്നത്. അരുൺലാൽ രചനയും സംവിധാനവും നിർവഹിച്ച നാടകം അവതരിപ്പിച്ചത് പ്രകാശ്‌രാജ് ഫൗണ്ടേഷനാണ്.









0 comments