കൊച്ചി മുസിരിസ് ബിനാലെ
അതിർത്തികളുടെ രാഷ്ട്രീയം പങ്കുവച്ച് ‘ദി ടച്ച്’

ആസ്പിന്‍വാള്‍ ഹൗസില്‍ യാസ്മിൻ ജഹാൻ നൂപുർ അവതരിപ്പിച്ച കലാപ്രകടനത്തിൽനിന്ന്
കൊച്ചി
മുള്ളുവേലി ചുറ്റിയ ‘ചട്ടക്കൂടി’നുള്ളിൽനിന്ന് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഒരു സ്ത്രീ സഹായത്തിന് കൈനീട്ടുകയാണ്. കണ്ടുനില്‍ക്കുന്നവരുടെ ഉള്ളുപൊള്ളിക്കുന്ന അനുഭവമായി ബംഗ്ലാദേശ് കലാകാരി യാസ്മിൻ ജഹാൻ നൂപുർ അവതരിപ്പിച്ച ‘ദി ടച്ച്' കലാപ്രകടനം. കൊച്ചി -മുസിരിസ് ബിനാലെയുടെ ഭാഗമായി ആസ്പിന്‍വാള്‍ ഹൗസിലാണ് കലാപ്രകടനം അരങ്ങേറിയത്.
അതിര്‍ത്തികള്‍, അവിടെയുള്ള മുള്ളുവേലികള്‍, നിരീക്ഷണ കാമറകള്‍ എന്നിവയിലൂടെ മനുഷ്യര്‍ കൂട്ടിലടയ്ക്കപ്പെട്ടിരിക്കുകയാണെന്ന് പ്രകടനത്തിലൂടെ ആവിഷ്‌കരിച്ചു. ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്ക് മുള്ളുവേലി കടന്നെത്തിയാലും അകപ്പെടുന്നത് മറ്റൊരു മുള്ളുവേലിക്കൂട്ടിലാണെന്ന് യാസ്മിന്‍ പറഞ്ഞു. അതിര്‍ത്തികള്‍ എത്ര വിശാലമാണെങ്കിലും അതൊരു മുള്ളുകൂടാണ്– അവർ പറഞ്ഞു.
ഒരുമണിക്കൂർ പ്രകടനത്തിനൊടുവിൽ മുള്ളുവേലികൾകൊണ്ട് അവരുടെ ശരീരം വരഞ്ഞുമുറിഞ്ഞിരുന്നു. ഒടുവിൽ കാണികളിലൊരാൾ അവളുടെ കൈകളിൽ തൊട്ടപ്പോൾ, സമാധാനത്തോടെ അവർ ആ മുള്ളുവേലിയിൽ ചാരിക്കിടന്നു. കാണികളില്‍നിന്ന് കൂടൂതല്‍പ്പേര്‍ തന്നെ രക്ഷിക്കാനായി എത്തുമെന്നായിരുന്നു പ്രതീക്ഷ. നിരവധി പേർക്ക് രക്ഷിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ഇതേ മാനസികാവസ്ഥതന്നെയാണ് നിസ്സഹായരായ മനുഷ്യരുടെ കാര്യത്തിൽ പൊതുജനത്തിന്റേതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നേരത്തേ ഇന്ത്യ–-ബംഗ്ലാദേശ് അതിർത്തിയിൽ ആറുമണിക്കൂർ സമാധാന പതാകയുമേന്തിനിന്ന യാസ്മിന്റെ പോരാട്ടവീര്യം ലോകശ്രദ്ധ നേടിയിരുന്നു. മട്ടാഞ്ചേരി 111 മര്‍ക്കസ് കഫെയിൽ യാസ്മിന്റെ ജഹാന്റെ ബ്ലാക്ക് ഗോള്‍ഡ് എന്ന കലാസൃഷ്ടിയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.










0 comments