തുന്നിച്ചേർത്ത പുതപ്പുകൾ പറയും കുടിയേറ്റത്തിന്റെ ചരിത്രവും അതിജീവനവും

കൊച്ചി
ബിനാലെ വേദിയിൽ ഭാഷാ ചക്രവർത്തിയുടെ കലാപ്രതിഷ്ഠ തുന്നിച്ചേർത്ത കുറേ തുണികളാണ്. ആഫ്രിക്കൻ വംശജരുടെയും മറ്റു കുടിയേറ്റക്കാരുടെയും ചരിത്രവും അതിജീവന കഥയുമാണ് "ഡയസ്പോറ ട്രാൻസ്ക്രിപ്ഷൻസ് 2025' എന്ന സൃഷ്ടിയിലൂടെ ഭാഷാ ചക്രവർത്തി അവതരിപ്പിക്കുന്നത്.
കൂട്ടിത്തുന്നിയ പുതപ്പുകൾ കുടിയേറ്റക്കാരുടെ കലയും രാഷ്ട്രീയവും സംസ്കാരവും പ്രമേയമാക്കുന്നു. കലാപ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ കേൾക്കുന്ന സ്ത്രീകളുടെ പാട്ടുകൾക്കൊപ്പം നീല ചുവരുകളുള്ള മുറിയിൽ ഏഴ് വലിയ പുതപ്പുകളും പെയിന്റിങ്ങുകളുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഏഴ് ഭൂഖണ്ഡങ്ങളെയും സംഗീതത്തിലെ ഏഴ് സ്വരങ്ങളെയും ഈ പുതപ്പുകൾ ബന്ധിപ്പിക്കുന്നു. കുട്ടിക്കാലംമുതൽ അമ്മയിൽനിന്ന് പഠിച്ച തുന്നൽ വിദ്യയാണ് തന്റെ കലയുടെ അടിസ്ഥാനമെന്ന് ഹോണോലുലുവിൽ ജനിച്ച ഭാഷാ ചക്രവർത്തി പറഞ്ഞു. സ്വന്തം കുടുംബാംഗങ്ങളുടെ പഴയ വസ്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്. ഹവായ്, ഇറ്റലി, ജർമനി, ഇന്ത്യ, യുഎസ് എന്നിവിടങ്ങളിൽവച്ച് തുന്നിയ ഭാഗങ്ങൾ ഇവിടെയെത്തിച്ച് യോജിപ്പിക്കുകയായിരുന്നു.
കീറിയ വസ്ത്രങ്ങൾ തുന്നിച്ചേർക്കുന്നത് മുറിവുകൾ ഉണക്കുന്നതിനും ബന്ധങ്ങൾ പുതുക്കുന്നതിനും തുല്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ബാക്കിയായ തുണിത്തരങ്ങളിൽനിന്ന് നിർമിച്ച പേപ്പറുകളിലാണ് ചുവരിലെ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ആസ്‌പിൻവാൾ ഹൗസിലാണ് കലാസൃഷ്‌ടി ഒരുക്കിയിരിക്കുന്നത്.










0 comments