ad
Deshabhimani

വാനില സ്വയം പൂക്കാത്തതെന്തേ ?
 ഉത്തരം ബിനാലെയിലുണ്ട്

Kochi Muziris Biennale 2025

കൊച്ചി ബിനാലെയുടെ ഭാഗമായി ആർട്ടിസ്റ്റ് ഡാനിയേൽ ഗോഡിനെസ് നിവോൺ മട്ടാഞ്ചേരി ബസാർ റോഡിലെ ദേവസി 
ജോസ് ആൻഡ് സൺസിൽ ഒരുക്കിയ ‘ഫ്ലവർ സെറിനേഡ്’ ദൃശ്യാവിഷ്‌കാരം

വെബ് ഡെസ്ക്

Published on Feb 19, 2026, 03:55 AM | 1 min read


കൊച്ചി

എല്ലാ ചെടികളും സ്വയം പൂക്കുമ്പോള്‍ വാനിലയ്ക്കുമാത്രം കൃത്രിമ പരാഗണം നടത്തേണ്ടത് എന്തുകൊണ്ടാണ്‌? കേരളത്തിലെ മിക്ക കര്‍ഷകരും ചോദിച്ചിട്ടുള്ള ഇ‍ൗ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തുകയാണ്‌ മെക്സിക്കൻ കലാകാരനായ ഡാനിയൽ ഗോഡിനെസ് നിവോൻ.


കൊച്ചി മുസിരിസ്‌ ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി ബസാർ റോഡിലെ ദേവസി ജോസ് ആൻഡ് സൺസിൽ ഒരുക്കിയിരിക്കുന്ന ‘ഫ്ലവർ സെറിനേഡ് 2025' ദൃശ്യാവിഷ്‌കാരം വാനിലയുടെ ചരിത്രമാണ് തുറന്നിടുന്നത്. ‘വാനില പ്ലാനിഫോളിയ' എന്ന ഓർക്കിഡ് വർഗത്തെയും അവയുടെ സ്വാഭാവിക പരാഗണകാരികളായ തേനീച്ചകളെയുംകുറിച്ചാണ് കലാസൃഷ്ടി സംവദിക്കുന്നത്. നീലകലർന്ന വയലറ്റും വെള്ളയും നിറത്തിലുള്ള വാനിലപ്പൂക്കളുടെ ദൃശ്യങ്ങൾക്കൊപ്പം തേനീച്ചകളുടെ ശബ്ദരേഖയും സമന്വയിപ്പിച്ചാണ് വീഡിയോ കലാപ്രതിഷ്ഠ.


മെക്സിക്കോയിലെ ഉഷ്ണമേഖലാ വനങ്ങളിൽമാത്രം കണ്ടുവന്നിരുന്ന ‘വാനില പ്ലാനിഫോളിയ' ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കുടിയേറിയപ്പോൾ, അവയുടെ പരാഗണകാരികളായ ‘സ്കാപ്‌ടോട്രിഗോണ മെക്സിക്കാന' തേനീച്ചകളെ ഉപേക്ഷിക്കേണ്ടിവന്നു. ഈ വേർപിരിയലാണ് വാനിലയെ മനുഷ്യന്റെ കൈസഹായത്താൽമാത്രം പൂക്കുന്ന ഒന്നാക്കി മാറ്റിയത്. 1841-ൽ എഡ്മണ്ട് ആൽബിയസ് എന്ന പന്ത്രണ്ടുകാരൻ കണ്ടെത്തിയ കൃത്രിമ പരാഗണവിദ്യയാണ് വാനിലയെ ആഗോള വിപണിയിലെത്തിച്ചത്. കണ്ണൂരിലെ വാനില തോട്ടങ്ങളിൽ ഡാനിയൽ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ചും ദൃശ്യാവിഷ്‌കാരത്തിലുണ്ട്‌. മെക്സിക്കോയിലെ തേനീച്ചകൾ പുറപ്പെടുവിക്കുന്ന 220 ഹെർട്സ് തീവ്രതയുള്ള ശബ്ദതരംഗങ്ങൾ വാനില വള്ളികളിലേക്ക് കടത്തിവിട്ട്‌ ചെടിയുടെ സ്വാഭാവികമായ ജൈവതാളത്തെ വീണ്ടെടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വാനിലച്ചെടിയിൽ ഘടിപ്പിച്ച സ്പീക്കറിലൂടെ പ്രകമ്പനങ്ങൾ അനുഭവിക്കുന്ന മനുഷ്യന്റെ ചിത്രം പ്രദർശനത്തിന്റെ ഭാഗമാണ്. മനുഷ്യന്റെ ഇടപെടലുകൾ എങ്ങനെയൊക്കെയാണ് പ്രകൃതിയുടെ താളക്രമത്തെയും ജൈവവൈവിധ്യത്തെയും ബാധിക്കുന്നതെന്നും ഡാനിയൽ അവതരിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home