ബിനാലെയിൽ നിറഞ്ഞ് ‘ഭാവൊന'

കൊച്ചി
സമകാലിക കലയുടെ വിസ്മയക്കാഴ്ചകൾക്കിടയിൽ, അഞ്ചുനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള അസമീസ് പൗരാണിക കലാരൂപമായ ‘ഭാവൊന’ അരങ്ങേറി. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി ആസ്പിൻവാൾ ഹൗസിൽ നടന്ന അവതരണം, ഇന്ത്യയുടെ വടക്കുകിഴക്കൻ ആത്മീയതയുടെയും സംസ്‌കാരത്തിന്റെയും ദൃശ്യാനുഭവമായി. പഞ്ചേരി ആര്‍ട്സ് യൂണിയന്റെ നേതൃത്വത്തിൽ മഹാഭാരതയുദ്ധത്തിലെ കർണവധമാണ് അവതരിപ്പിച്ചത്.
പതിനഞ്ചാംനൂറ്റാണ്ടിൽ ആത്മീയ ഗുരുവായ ശ്രീമന്ത ശങ്കർദേവ് രൂപപ്പെടുത്തിയെടുത്ത കലാരൂപമാണിത്. സംഗീതവും നൃത്തവും നാടകവും സമന്വയിക്കുന്ന കലാരൂപം വൈഷ്ണവ ദർശനങ്ങളെ സാധാരണക്കാരിലേക്കെത്തിക്കാനാണ് രൂപപ്പെടുത്തിയത്. ‘അങ്കിയ നാട്ട്' എന്ന് വിളിക്കപ്പെടുന്ന ഏകാംഗ നാടകരീതിയിലാണ് അവതരണം. കഥ പറയുന്ന ‘സൂത്രധാർ' ആണ് കേന്ദ്രകഥാപാത്രം. പ്രത്യേകം വികസിപ്പിച്ചെടുത്ത ‘വ്രജബോലി' ഭാഷയിലാണ് സംഭാഷണങ്ങൾ. ഘോല്‍ എന്ന ചെണ്ടയും ഇലത്താളവുമാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. അസമിലെ നമ്‍ഘറുകളിലും (പ്രാർഥനാലയങ്ങൾ) സത്രങ്ങളിലും (മഠങ്ങൾ) മാത്രം അവതരിപ്പിക്കപ്പെട്ടിരുന്ന ഭാവൊനയുടെ തനിമ ചോരാതെയാണ് ബിനാലെയിൽ അവതരിപ്പിച്ചത്.










0 comments