തുടർച്ചയ്‌ക്ക് കൊതിച്ച് കൊച്ചി


ശ്രീരാജ് ഓണക്കൂർ [email protected]
Published on Mar 09, 2026, 03:08 AM | 2 min read
കൊച്ചി
സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന, വിവിധ സംസ്‌കാരങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും സംഗമഭൂമി– കൊച്ചിയെ ചുരുക്കത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ്, അറബി, ജൂത പൈതൃക ചിഹ്നങ്ങളാലും ചീനവലകളാലും സന്പന്നമായ നാട്. തുറമുഖത്ത് നിലനിന്ന ചാപ്പ സമ്പ്രദായത്തിനെതിരെ പൊരുതി രക്തസാക്ഷികളായ സെയ്ത്, സെയ്താലി, ആന്റണി എന്നിവരുടെ സമരവീര്യം ഇന്നും ചോരയിൽ പേറുന്നവരുടെ നാട്.
മട്ടാഞ്ചേരി, കൊച്ചങ്ങാടി, കപ്പലണ്ടിമുക്ക്, ചുള്ളിക്കൽ പ്രദേശങ്ങളിലുള്ളവരുടെ പ്രധാന ഉപജീവനമാർഗം തോപ്പുംപടി ഹാർബറിലെ അനുബന്ധ ജോലികളാണ്. ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻഡ്, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങളാണ് കൊച്ചി മണ്ഡലത്തിന്റെ പ്രധാന കേന്ദ്രങ്ങൾ.
കൊച്ചി കോർപറേഷന്റെ 20 ഡിവിഷനുകളും കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും ചേർന്നതാണ് കൊച്ചി മണ്ഡലം. 2011ൽ കൊച്ചി മണ്ഡലം നിലവിൽവന്നശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ എം സി ജോസഫൈനെതിരെ യുഡിഎഫിലെ ഡൊമിനിക് പ്രസന്റേഷനായിരുന്നു വിജയം.
2016ലെ തെരഞ്ഞെടുപ്പിൽ ഡൊമിനിക് പ്രസന്റേഷനെ തോൽപ്പിച്ച് എൽഡിഎഫിലെ കെ ജെ മാക്‌സി വിജയിച്ചു. 1086 ആയിരുന്നു ഭൂരിപക്ഷം. 2021ൽ കെ ജെ മാക്‌സി യുഡിഎഫിലെ ടോണി ചമ്മണിയെ തോൽപ്പിച്ച് മണ്ഡലം നിലനിർത്തിയത് 14,079 വോട്ടന്റെ ഭൂരിപക്ഷത്തിന്.
കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യമേഖല, വിനോദസഞ്ചാരം തുടങ്ങിയ എല്ലാ മേഖലയിലും ഗുണപരമായ മാറ്റത്തിന്റെ 10 വർഷമാണ് പിന്നിട്ടത്. കടലാക്രമണത്തിൽനിന്ന് ടെട്രാപോഡ് കടൽഭിത്തിയുടെ കോട്ടകെട്ടി ചെല്ലാനത്തിന് സുരക്ഷ ഒരുക്കിയത് എൽഡിഎഫ് സർക്കാരാണ്. ആദ്യഘട്ടത്തിൽ ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്ററിലാണ് കടൽഭിത്തി നിർമിച്ചത്. 347 കോടി രൂപ ചെലവ്. 404 കോടി രൂപയുടെ രണ്ടാംഘട്ട നിർമാണവും ആരംഭിക്കുകയാണ്.
മാറ്റത്തിന്റെ മധുരം നുകരാൻ മൂവാറ്റുപുഴ
ഷെഹിൻ ഷാ
കൊച്ചി
കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും മണ്ണ്. മൂന്നു പുഴകളുടെ സംഗമഭൂമിയായ മൂവാറ്റുപുഴ, ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്.
110 വർഷത്തെ ചരിത്രമുറങ്ങുന്ന ഏഷ്യയിലെ ആദ്യ കോണ്‍ക്രീറ്റ് പാലവും വാഴക്കുളത്തിന്റെ പൈനാപ്പിള്‍ മധുരവും മൂവാറ്റുപുഴയ്ക്ക് സ്വന്തം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും വാളകം, പായിപ്ര, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, ആവോലി, ആരക്കുഴ, മാറാടി, പാലക്കുഴ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം.
തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ എൽഡിഎഫിനും കോൺഗ്രസിനും കേരള കോൺഗ്രസിനും ഒപ്പംനിന്നിട്ടുണ്ട് മണ്ഡലമനസ്സ്. 1957ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ കെ എം ജോര്‍ജ് എംഎല്‍എയായി. 1960ലും ജോര്‍ജ് വിജയം ആവര്‍ത്തിച്ചു.
നിയമസഭ രൂപീകരിക്കാതിരുന്ന 1965ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ എ ടി പത്രോസ് വിജയിച്ചു. 1967ല്‍ സിപിഐയിലെ പി വി എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. 1970ല്‍ സിപിഐ എം സ്വതന്ത്ര പെണ്ണമ്മ ജേക്കബിലൂടെ മണ്ഡലത്തിലെ ആദ്യ വനിതാപ്രതിനിധി വന്നു. യുഡിഎഫിലെ പി സി ജോസഫ് 1977ലും കേരള കോണ്‍ഗ്രസിലെ വി വി ജോസഫ് 80ലും 82ലും തെരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ സിപിഐയിലെ എ വി ഐസക്കിലൂടെ മൂവാറ്റുപുഴ ചുവന്നു. അടുത്ത മൂന്നുതവണ ജയിച്ചത് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂർ.
നാലാംവട്ടം എൽഡിഎഫിന്റെ ബാബു പോളിനുമുന്നില്‍ ജോണി തോറ്റു. 13,225 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബാബു പോളിന്റെ വിജയം.
2011ല്‍ യുഡിഎഫിന്റെ ജോസഫ് വാഴയ്ക്കന്‍ 5163 വോട്ടുകള്‍ക്ക് ബാബു പോളിനെ പരാജയപ്പെടുത്തി. 2016ല്‍ എല്‍ദോ എബ്രഹാമിലൂടെ മണ്ഡലം എല്‍ഡിഎഫ് തിരികെപ്പിടിച്ചു. 9375 വോട്ടുകള്‍ക്കായിരുന്നു എല്‍ദോയുടെ വിജയം. 2021ല്‍ മാത്യു കുഴല്‍നാടന്‍ 6961 വോട്ടുകള്‍ക്ക് എല്‍ദോയെ പരാജയപ്പെടുത്തി.
അഞ്ചുവര്‍ഷത്തിനിടെ മണ്ഡലത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ മാത്യു കുഴല്‍നാടനായില്ല. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയിൽ നടപ്പാക്കിയ പദ്ധതികളാണ് മണ്ഡലത്തിന് തുണയായത്. കിഫ്ബി അമ്പേ പരാജയമെന്ന് പ്രചരിപ്പിച്ച മാത്യു കുഴല്‍നാടനും യുഡിഎഫും കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് അടിച്ചുമാറ്റുന്ന തിരക്കിലാണിപ്പോൾ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചേര്‍ത്തുനിര്‍ത്തലിന്റ പ്രതിഫലനമായി മൂവാറ്റുപുഴയിലും മാറ്റത്തിന്റെ അലയൊലികൾ ഉയരുകയാണ്.










0 comments