91.6 കോടിയുടെ കരാർ സീമെൻസ് ലിമിറ്റഡിന്
കൊച്ചി മെട്രോ രണ്ടാംഘട്ടം; ടെലികമ്യൂണിക്കേഷൻ കരാറായി

പുതിയ മെട്രോ പാതയ്ക്കായുള്ള ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ സജ്ജീകരിക്കുന്നതുസംബന്ധിച്ച 91.6 കോടി രൂപയുടെ കരാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും സീമെൻസ് ലിമിറ്റഡും കൈമാറുന്നു
കൊച്ചി
കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ പുരോഗതിയിൽ മറ്റൊരു സുപ്രധാന ചുവടുവയ്‌പ്. പുതിയ മെട്രോ പാതയ്ക്കായുള്ള ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിന് കരാറായി. 91.6 കോടി രൂപയുടെ കരാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, സീമെൻസ് ലിമിറ്റഡിന് നൽകി. കെഎംആർഎല്ലിനെ പ്രതിനിധാനംചെയ്‌ത് ചീഫ് എൻജിനിയർ ടി സി ജോൺസണും സീമെൻസ് ലിമിറ്റഡിനെ പ്രതിനിധാനംചെയ്‌ത് അമിത് ഭരദ്വാജ്, ഉദയാദിത്യ പഥക് എന്നിവരും കരാറിൽ ഒപ്പിട്ടു.
പുതിയ മെട്രോ പാതയുടെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനത്തിനുള്ള സമഗ്ര ആശയവിനിമയ സംവിധാനങ്ങൾ കരാറിന്റെ ഭാഗമായി ഒരുക്കും. യാത്രക്കാർക്ക് കൃത്യമായ അറിയിപ്പുകൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ, ഡിജിറ്റൽ വിവരഫലകങ്ങൾ, സിസിടിവി നിരീക്ഷണം, അടിയന്തര ആശയവിനിമയ സൗകര്യങ്ങൾ, ഓഫീസ് ഓട്ടോമേഷൻ ശൃംഖല, സൈബർ സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായിരിക്കും.
മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ അതിവേഗം പുരോഗമിക്കുന്നതിനിടെയാണ് കരാർ യാഥാർഥ്യമായിരിക്കുന്നത്. പ്രധാന നിർമാണപ്രവർത്തനങ്ങൾക്കും മറ്റു സുപ്രധാന കരാറുകൾക്കും പിന്നാലെ ടെലികമ്യൂണിക്കേഷൻ കരാർകൂടി നിലവിൽവന്നതോടെ പദ്ധതിയുടെ നിർമാണം പുതിയ ഘട്ടത്തിലെത്തി.
മത്സരാധിഷ്ഠിതമായ തുറന്ന ടെൻഡർ നടപടിക്രമത്തിലൂടെയാണ് കരാർ നൽകിയത്. സാങ്കേതികവും സാമ്പത്തികവുമായ വിലയിരുത്തലുകൾക്കുശേഷമാണ് സീമെൻസ് ലിമിറ്റഡിനെ തെരഞ്ഞെടുത്തതെന്ന് അധികൃതർ അറിയിച്ചു. കെഎംആർഎൽ ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ്-കുമാർ, ജോയിന്റ് ജനറൽ മാനേജർ (സിഗ്നലിങ് ആൻഡ് ടെലികമ്യൂണിക്കേഷൻ) വി സജിത്, ജനറൽ കൺസൾട്ടന്റായ സിസ്‌ട്രയുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.









0 comments