ad
Deshabhimani

രാഷ്ട്രപതിയുടെ പരിപാടിയിൽനിന്ന്‌ മേയറെ വെട്ടി ; ഇത്‌ രണ്ടാംതവണ

anil kumar
വെബ് ഡെസ്ക്

Published on Oct 25, 2025, 02:15 AM | 2 min read


കൊച്ചി

രാഷ്ട്രപതി ദ്ര‍ൗപദി മുർമു പങ്കെടുത്ത പരിപാടിയിൽനിന്ന്‌ കൊച്ചി മേയർ എം അനിൽകുമാറിനെ ഒഴിവാക്കി. സെന്റ്‌ തെരേസാസ്‌ കോളേജിന്റെ ശതാബ്ദി ആഘോഷച്ചടങ്ങിൽനിന്നാണ്‌ മേയറെ അവസാനനിമിഷം ഒഴിവാക്കിയത്‌.


ശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ കോളേജ്‌ അധികൃതർ മേയറെ നേരിട്ട്‌ ക്ഷണിച്ചിരുന്നു. നോട്ടീസിലും പേരുവച്ചു. സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ രാഷ്ട്രപതിഭവന്‌ നൽകിയ ലിസ്‌റ്റിലും മേയറുടെ പേരുണ്ടായിരുന്നു. വെള്ളിയാഴ്‌ച മാധ്യമങ്ങളിൽ പരിപാടിയുടെ പരസ്യം കണ്ടപ്പോൾ പേരില്ലാത്തത്‌ ശ്രദ്ധയിൽപ്പെട്ട മേയർ, കോളേജ്‌ ഡയറക്ടർ സിസ്‌റ്റർ ടെസ്സയെ വിളിച്ച്‌ അന്വേഷിച്ചു. പരിപാടിയിൽ മേയറുണ്ടെന്നും പരസ്യത്തിൽ ഉൾപ്പെടുത്താൻ വിട്ടുപോയതാണെന്നുമാണ്‌ മറുപടി ലഭിച്ചത്‌. പിന്നീട്‌ മേയറെ തിരിച്ചുവിളിച്ച സിസ്‌റ്റർ ടെസ്സ, മേയറെ ഒഴിവാക്കിയ ലിസ്റ്റാണ്‌ കിട്ടിയതെന്ന്‌ അറിയിച്ചു.


മുന്പ്‌, കൊച്ചി കപ്പൽശാലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിൽനിന്ന്‌ സമാനരീതിയിൽ മേയറെ ഒഴിവാക്കിയിരുന്നു.ജനാധിപത്യവിരുദ്ധ സമീപനമാണിതെന്ന്‌ മേയർ പ്രതികരിച്ചു. അധികാരവികേന്ദ്രീകരണത്തോടുള്ള കേന്ദ്രസർക്കാരിന്റെ മനോഭാവവും സമീപനവുമാണ്‌ ഇതിൽനിന്ന്‌ വ്യക്തമാകുന്നത്‌. ഇത്തരം കാര്യങ്ങളിൽ സാമാന്യമര്യാദ പാലിക്കണം. കൊച്ചി നഗരത്തെയും കോർപറേഷനെയുമാണ്‌ അപമാനിച്ചതെന്നും മേയർ പറഞ്ഞു.


രാഷ്ട്രീയ പകപോക്കൽ: സിപിഐ എം

രാഷ്ട്രപതി ദ്രൗപതി മുർമു വിശിഷ്ടാതിഥിയായി പങ്കെടുത്ത സെന്റ്‌ തെരേസാസ്‌ കോളേജ്‌ 100–ാംവാർഷികാഘോഷ ചടങ്ങിൽ കേന്ദ്രമന്ത്രിമാർ ഇടപെട്ട്‌ മേയർ എം അനിൽകുമാറിനെ ഒഴിവാക്കിയതിൽ സിപിഐ എം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ ഒഴിവാക്കൽ. മേയറുടെയും അദ്ദേഹം നേതൃത്വം നൽകുന്ന എൽഡിഎഫ്‌ ഭരണസമിതിയുടെയും ജനകീയതയിൽ വിളറിപൂണ്ടാണ്‌ രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള നീക്കം.


കോളേജ് അധികൃതർ മേയറെ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചെങ്കിലും രാഷ്ട്രപതി ഓഫീസ് ഇടപെട്ട് ഒഴിവാക്കി എന്നാണ് അവസാനനിമിഷം ലഭിച്ച വിശദീകരണം. ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ പ്രോട്ടോകോൾപ്രകാരം പങ്കെടുക്കേണ്ട മേയറെ പങ്കെടുപ്പിക്കാത്തത് പ്രതിഷേധാർഹമാണ്. മുന്പ്‌ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലും മേയറെ ഒഴിവാക്കിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്ന നയമാണ് ഇതിൽനിന്ന് വെളിവാകുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ ഓഫീസ് ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തുന്നത് അങ്ങേയറ്റം അപകടകരമാണ്.


തദ്ദേശസ്വയഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കൊച്ചിയുടെ വികസനമുന്നേറ്റങ്ങളിൽ നേതൃത്വമായി ജനകീയനായ കൊച്ചിയുടെ നഗരപിതാവിനെ ചടങ്ങിൽ പങ്കെടുപ്പിക്കാത്തത് ബിജെപിയുടെയും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന്റെയും ആസൂത്രിതനീക്കമാണ്. ഇത് ബിജെപിയുടെ ജനാധിപത്യവിരുദ്ധ സമീപനത്തിന്റെ ഒരു ഉദാഹരണംമാത്രമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചടങ്ങുപോലും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ വേദിയാക്കാൻ ഇടപെടൽ നടത്തുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും സിപിഐ എം പ്രസ്‌താവനയിൽ പറഞ്ഞു.



ജനാധിപത്യമര്യാദകളുടെ ലംഘനം: എൽഡിഎഫ്‌

രാഷ്ട്രപതിയുടെ കൊച്ചിയിലെ ചടങ്ങിൽ മേയർ എം അനിൽകുമാറിനെ ഒഴിവാക്കിയതിൽ കൊച്ചി കോർപറേഷൻ എൽഡിഎഫ്‌ പാർലമെന്ററി പാർടി പ്രതിഷേധിച്ചു. ആർഎസ്‌എസും ബിജെപിയും ഫെഡറൽ വ്യവസ്ഥകളെയും അധികാര വികേന്ദ്രീകരണത്തെയും തള്ളിപ്പറയുകയും അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ്‌ സ്വീകരിക്കുന്നത്‌. ഇതിന്റെ തുടർച്ചയാണ്‌ നടപടി. ഇതിനെതിരെ കൊച്ചി നഗരവാസികൾ കക്ഷിരാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധിക്കണമെന്നും എൽഡിഎഫ്‌ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home