മുഖം മിനുക്കി സുന്ദരിയായി കൊച്ചി

നഗരത്തിലെ റോഡുകളും നടപ്പാതകളും അറ്റുകുറ്റപ്പണി പൂർത്തിയാക്കി മുഖം മിനുക്കി. മാസങ്ങളായി തകർന്നുകിടന്ന തമ്മനം–പുല്ലേപ്പടി റോഡ് കോർപറേഷൻ നവീകരിച്ചു. വാട്ടർ അതോറിറ്റി പൈപ്പുകൾ സ്ഥാപിക്കാനായി കുത്തിപ്പൊളിച്ച റോഡാണ് ആധുനികരീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ മികച്ചതാക്കിയത്. ടൈൽ ഇടലും കോൺക്രീറ്റിങ്ങും നടന്നുവരികയാണ്. 31നുമുന്പ് പണി പൂർത്തിയാക്കുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. എംജി റോഡിലെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതയുടെ നവീകരണവും നടന്നുവരുന്നു. കുഴികൾ അടച്ച് നടപ്പാത വൃത്തിയാക്കുന്നത് പൊതുമരാമത്തുവകുപ്പാണ്.
വാര്‍ത്തയറിയാം മാസ്‌റ്റർ ബോർഡ് വഴി
നഗരയാത്രികർക്ക് പൊതുവിവരങ്ങൾ നൽകാനുദ്ദേശിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കോർപറേഷൻ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ മാസ്‌റ്റർ ബോർഡുകൾ ഉടന്‍ മിഴിതുറക്കും. ഹൈക്കോടതി കവല, മെട്രോ സ്‌റ്റേഷനുകൾ, മാധവ ഫാർമസി ജങ്‌ഷൻ എന്നിവിടങ്ങളിലാണ് ആകർഷകമായ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കോർപറേഷൻ, ട്രാഫിക് വിഭാഗം, കലക്‌ടറേറ്റ്, കോടതി എന്നിവിടങ്ങളിൽനിന്ന് കൊച്ചി കോർപറേഷനുമായി ബന്ധപ്പെട്ടതുമായ വാർത്തകളും അറിയിപ്പുകളും ഡിജിറ്റൽ ഡ്‌സ്‌പ്ലേയിൽ തെളിയും.
കൊച്ചി കോർപറേഷന് പുതിയൊരു വരുമാനമാർഗംകൂടിയാകും പുത്തൻ ഡിജിറ്റൽ ബോർഡുകൾ. സ്വകാര്യ കരാര്‍ നല്‍കിയാണ് ബോർഡ് പ്രവർത്തിപ്പിക്കുക. വാർത്തകൾക്കും അറിയിപ്പിനുമൊപ്പം ബോർഡുകളിൽ വാണിജ്യാടിസ്ഥാനത്തിൽ പരസ്യങ്ങളും പ്രദർശിപ്പിക്കും. 50 വലിയ ബോർഡുകളും 300 ചെറിയ ബോർഡുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. അഞ്ചു വർഷത്തേക്കാണ് കരാർ നൽകുന്നത്. വലിയ ബോർഡ് ഒന്നിന് 53,000 രൂപയും ചെറിയ ബോർഡിന് 33,000 രൂപയും പ്രതിമാസ വാടകയിനത്തിൽ കോർപറേഷന് ലഭിക്കും.









0 comments