ad
Deshabhimani

 ക‍ൗൺസിൽ സ്‌തംഭിച്ചു

മേയറുടെ രാജിയാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ പ്രതിഷേധം

kochi corporation

എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധത്തെത്തുടർന്ന് വെള്ളിയാഴ്ച നടന്ന കൊച്ചി കോർപറേഷൻ കൗൺസിൽ യോഗം അവസാനിപ്പിച്ച് മടങ്ങുന്ന മേയർ വി കെ മിനിമോൾ

വെബ് ഡെസ്ക്

Published on Apr 18, 2026, 02:34 AM | 1 min read

കൊച്ചി


ഗുരുതര അഴിമതി ആരോപണങ്ങൾ നേരിടുന്ന കൊച്ചി മേയർ വി കെ മിനിമോൾക്കെതിരായ എൽഡിഎഫ്‌ പ്രതിഷേധത്തിൽ കോർപറേഷൻ ക‍ൗൺസിൽ സ്‌തംഭിച്ചു. വെള്ളിയാഴ്‌ച ക‍ൗൺസിൽ ആരംഭിച്ചപ്പോൾത്തന്നെ മേയറുടെ രാജി ആവശ്യപ്പെട്ട്‌ പാർലമെന്ററി പാർടി നേതാവ്‌ പി ജെ യേശുദാസിന്റെ നേതൃത്വത്തിൽ എൽഡിഎഫ്‌ ക‍ൗൺസിലർമാർ ക‍ൗൺസിൽ ഹാളിന്റെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അഴിമതി ആരോപണങ്ങൾ നേരിടുന്ന മേയർ വി കെ മിനിമോൾ രാജിവയ്‌ക്കണം എന്നാവശ്യപ്പെടുന്ന പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.


റോഡ്‌ പണിയുടെ മറവിൽ പാലാരിവട്ടം പെരിങ്ങാട്ട്‌ റോഡ്‌ റസിഡന്റ്‌സ്‌ അസോസിയേഷനിൽനിന്ന്‌ മൂന്നുലക്ഷം രൂപ അനധികൃതമായി കൈപ്പറ്റാൻ മേയർ എഴുതിയ കത്ത്‌ ക‍ൗൺസിലിൽ പ്ലക്കാർഡായി ഉയർത്തി. പണം തിരിച്ചുനൽകിയാൽ അഴിമതി തൂത്തുകളയാനാകില്ലെന്ന്‌ പി ജെ യേശുദാസ്‌ പറഞ്ഞു. ടെൻഡറില്ലാതെ ഇന്ദിര ക്യാന്റീനിലെ ജോലികൾ സ്വന്തക്കാർക്ക്‌ വീതംവയ്‌ക്കുന്നതിലും അഴിമതിയുണ്ടെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. നാലുമാസത്തെ കോർപറേഷൻ ഭരണത്തിന്റെ മറവിൽ വൻ അഴിമതിയാണ്‌ നടത്തുന്നതെന്നാരോപിച്ച പ്രതിപക്ഷം കൂടുതൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പുനൽകി.

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചകളില്ലാതെ അജൻഡ പാസാക്കി 10 മിനിറ്റിൽ ക‍ൗൺസിൽ അവസാനിപ്പിച്ച്‌ മേയർ മടങ്ങി. മുദ്രാവാക്യം വിളികളുമായി ക‍ൗൺസിൽ ഹാളിന്‌ പുറത്തിറങ്ങി നഗരസഭാ ഓഫീസിനുമുന്നിലും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടർന്നു.

അതേസമയം പ്രതിപക്ഷ പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും മേയർ പറഞ്ഞു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് ഒരറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ല. തന്റെ ഭാഗം കോടതിയെ ബോധ്യപ്പെടുത്തുമെന്നും വി കെ മിനിമോൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home