ad
Deshabhimani

 ദീപക്‌ ജോയ്‌ രാജിവച്ചു

ഡെപ്യൂട്ടി മേയറാകാൻ ‘അങ്കം’ തുടങ്ങി

kochi corporation
avatar
സ്വന്തം ലേഖകൻ

Published on May 14, 2026, 02:18 AM | 1 min read

കൊച്ചി


കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയർ, കൗൺസിലർ സ്ഥാനങ്ങൾ ദീപക് ജോയി രാജിവച്ചു. തൃപ്പൂണിത്തുറ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണിത്‌. ക‍ൗൺസിൽ ഹാളിൽ മേയർ വി കെ മിനിമോളുടെ നേതൃത്വത്തിൽ യാത്രയയപ്പ്‌ നൽകി. രാജിയെ തുടർന്ന്‌ എ ഗ്രൂപ്പിലെ ഡെപ്യൂട്ടി മേയർ സ്ഥാനമോഹികൾ ഇതിനായുള്ള നീക്കങ്ങളും ചരടുവലികളും തുടങ്ങി. ആദ്യ രണ്ടരവർഷം എ ഗ്രൂപ്പിനും തുടർന്ന്‌ ഐ ഗ്രൂപ്പിനുമാണ്‌ ഡെപ്യൂട്ടിമേയർ പദവി.


നേതൃത്വത്തോടുള്ള അടുപ്പം, സമുദായ സമവാക്യം, ക‍ൗൺസിലിലെ സീനിയോറിറ്റി, സംഘടനാപദവി തുടങ്ങിയ ഘടകങ്ങളുടെ ബലത്തിലാണ്‌ ഓരോരുത്തരും കച്ചകെട്ടിയിരിക്കുന്നത്‌. എളമക്കര സൗത്ത്‌ ക‍ൗൺസിലർ വി ആര്‍ സുധീര്‍, കലൂര്‍ സൗത്തിലെ എം ജി അരിസ്‌റ്റോട്ടില്‍, വടുതല വെസ്റ്റിലെ ഹെന്‍ട്രി ഓസ്റ്റിന്‍, പനന്പിള്ളിനഗറിലെ ആന്റണി പൈനുതറ, ഗിരിനഗറിലെ പി ഡി മാർട്ടിൻ, പെരുമാനൂരിലെ കെ എക്‌സ് ഫ്രാന്‍സിസ് എന്നിവരാണ്‌ കസേര ലക്ഷ്യമിടുന്നവർ. സമുദായ സമവാക്യവും ക‍ൗൺസിലിലെ സീനിയോറിറ്റിയും സുധീറിന്‌ അനുകൂലമാണ്‌. എം ജി അരിസ്‌റ്റോട്ടിലിനും ക‍ൗൺസിൽ സീനിയോറിറ്റിയുണ്ട്‌. കൂടുതൽ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ്‌ നീക്കം. ആന്റണി പൈനുതറ നിലവിൽ ക്ഷേമകാര്യസമിതി അധ്യക്ഷനാണ്‌. ഡിസിസി സെക്രട്ടറിമാരാണ്‌ പി ഡി മാർട്ടിനും ഹെൻട്രി ഓസ്‌റ്റിനും. കെ സി വേണുഗോപാൽ പക്ഷക്കാരനാണ്‌ മാർട്ടിൻ. ഗ്രൂപ്പ്‌ നേതാക്കന്മാരുടെ ആശീർവാദത്തോടെയാണ്‌ ചരടുവലികൾ.


കോൺഗ്രസിലെ വീതംവയ്‌പ്പുപ്രകാരം രണ്ടരവർഷത്ത ഡെപ്യൂട്ടിമേയറായി ഡിസംബര്‍ 26നാണ്‌ ദീപക്‌ ജോയ്‌ ചുമതലയേറ്റത്‌. 139–ാം ദിവസം രാജിവച്ചതോടെ കൊച്ചി കോർപറേഷനിൽ ഏറ്റവും കുറഞ്ഞ കാലയളവിൽ ഡെപ്യൂട്ടി മേയർപദവി വഹിച്ച വ്യക്തിയായി. രണ്ടരവര്‍ഷത്തിനുശേഷം ഐ ഗ്രൂപ്പിൽനിന്ന്‌ ഡെപ്യൂട്ടി മേയര്‍ വരും. ഐ ഗ്രൂപ്പുകാരനായ കെ വി പി കൃഷ്ണകുമാറിനെ ആക്കാനാണ്‌ തീരുമാനം. ദീപക് ജോയ്‌ കൗണ്‍സിലര്‍സ്ഥാനം രാജിവച്ചതോടെ അയ്യപ്പന്‍കാവ് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകും. ആറുമാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ്‌ നടത്തണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home