ad
Deshabhimani

സംതൃപ്‌തി, നന്ദി: മേയർ

അഭിനന്ദനം, ആശംസ ; 
പറഞ്ഞു ‘ഗുഡ്‌ബൈ’

Kochi Corporation

കൊച്ചി കോർപറേഷന്‍ പുതിയ ആസ്ഥാനമന്ദിരത്തിൽ നടന്ന കൗൺസിലർമാരുടെ യാത്രയയപ്പ് യോഗത്തിൽ നന്ദിപറഞ്ഞശേഷം എം അനിൽകുമാർ മേയറുടെ കസേര വിട്ടെഴുന്നേൽക്കുന്നു. അനൗദ്യോഗിക യോഗമായതിനാൽ കോട്ട് അണിയാതെയായിരുന്നു മേയർ യോഗത്തിൽ പങ്കെടുത്തത്

വെബ് ഡെസ്ക്

Published on Nov 14, 2025, 03:00 AM | 2 min read

കൊച്ചി

മേയർ എം അനിൽകുമാർ നയിച്ച കൊച്ചി കോർപറേഷൻ ഭരണത്തിന്‌ അംഗീകാരത്തിളക്കമുള്ള വാക്കുകൾ സമ്മാനിച്ച്‌ ക‍ൗൺസിൽ അംഗങ്ങൾ ഗുഡ്‌ബൈ പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമെന്യേയായിരുന്നു അഭിനന്ദനം. ഓർത്തുവയ്‌ക്കാനുള്ള നിമിഷങ്ങൾ മനസ്സോടു ചേർത്തുപിടിച്ചു. ആശ്ലേഷിച്ചു, സെൽഫിയെടുത്തു. ഒടുവിൽ ഗ്രൂപ്പ്‌ ഫോട്ടോ. നിലവിലെ ക‍ൗൺസിലിലെ അംഗങ്ങളുടെ അവസാന യോഗത്തിനുശേഷം എല്ലാവർക്കും മേയർ ഉപഹാരം സമ്മാനിച്ചു. വിടവാങ്ങുന്നതിന്റെ സങ്കടം എല്ലാവർക്കുമുണ്ടായി.


മേയറുടെ ഒ‍ൗദ്യോഗികവേഷം ധരിക്കാതെ ക‍ൗൺസിൽ അംഗത്തെപ്പോലെയാണ്‌ അനിൽകുമാർ എത്തിയത്‌. ഗ‍ൗൺ ഇല്ലാതെ ഇ‍ൗ മേയറുടെ കസേരയിൽ ഇരിക്കുന്നത്‌ ആഗ്രഹമായിരുന്നുവെന്നും അത്‌ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. വേർതിരിവില്ലാതെ എല്ലാവരെയും ചേർത്തുപിടിച്ചാണ്‌ ഭരണം കൊണ്ടുപോയതെന്ന്‌ ബിജെപി, യുഡിഎഫ്‌ അംഗങ്ങൾ ഉൾപ്പെടെ അഭിപ്രായപ്പെട്ടു.


നിരവധി കാര്യങ്ങൾ 
ചെയ്‌തെന്ന്‌ യുഡിഎഫ്‌

കുറെ കാര്യങ്ങൾ ചെയ്യാൻ സാധിച്ചതായി പ്രതിപക്ഷനേതാവ്‌ ആന്റണി കുരീത്തറ പറഞ്ഞു. പ്രതിസന്ധികൾ തരണം ചെയ്‌ത്‌ മുന്നേറിയെന്ന്‌ സക്കീർ തമ്മനം അഭിപ്രായപ്പെട്ടു. രാഷ്ട്രീയം നോക്കാതെ കാര്യങ്ങൾ ചെയ്‌തതായി മറ്റു യുഡിഎഫ്‌ അംഗങ്ങളും. ബ്രഹ്മപുരം പ്രശ്‌നത്തിനുശേഷമുണ്ടായ പൊലീസ്‌ നടപടി സങ്കടപ്പെടുത്തിയന്നും അംഗങ്ങൾ പറഞ്ഞു.​


വികസനം അംഗീകരിച്ച് 
ബിജെപി

നല്ലരീതിയിൽ നയിക്കുമെന്ന വിശ്വാസം മേയർ കാത്തുസൂക്ഷിച്ചതായി ബിജെപി ക‍ൗൺസിലറായ സുധ ദിലീപ്‌ പറഞ്ഞു. പ്രതിസന്ധികളിൽ തളർന്നില്ല. അതെല്ലാം അവസരമാക്കി. നഗരത്തെ വികസനത്തിലെത്തിക്കാൻ സാധിച്ചുവെന്നത്‌ യാഥാർഥ്യമാണ്‌. അത്‌ അംഗീകരിക്കുന്നുവെന്നും പറഞ്ഞു. നല്ലരീതിയിൽ പ്രവർത്തിച്ചതായി പത്മജ എസ്‌ മേനോനും പറഞ്ഞു.


അഭിമാനമെന്ന്‌ എൽഡിഎഫ്‌

കൊച്ചിയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത വികസനമാണ്‌ ഇ‍ൗ അഞ്ച്‌ വർഷത്തിനിടെ നടന്നതെന്ന്‌ എൽഡിഎഫ്‌ ക‍ൗൺസിൽ അംഗങ്ങൾ. പുതിയ ആസ്ഥാനമന്ദിരം യാഥാർഥ്യമാക്കിയതടക്കം അഭിമാനകരമായ നിരവധി പ്രവർത്തനങ്ങൾ നടത്തി. ബ്രഹ്മപുരം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ഭംഗിയായി പരിഹരിച്ചു. ബെനഡിക്ട്‌ ഫെർണാണ്ടസ്‌, സി എ ഷക്കീർ, ഷീബ ലാൽ തുടങ്ങിയവരാണ്‌ സംസാരിച്ചത്‌.



സംതൃപ്‌തി, നന്ദി : മേയർ

സംതൃപ്‌തിയോടെയും സന്തോഷത്തോടെയുമാണ്‌ മേയറുടെ ചുമതല പൂർത്തിയാക്കിയതെന്ന്‌ എം അനിൽകുമാർ. സഹകരിച്ച എല്ലാവരോടും നന്ദി. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച്‌ വേർതിരിവുകളില്ലാതെയാണ്‌ കാര്യങ്ങൾ ചെയ്‌തതെന്നും മേയർ പറഞ്ഞു.


വേദനിപ്പിച്ചവരോട്‌ കാലുഷ്യമില്ല. മേയറാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടായിരുന്നു. പഴയതലമുറയിൽനിന്ന്‌ അനുഭവങ്ങളും പ്രഗല്‌ഭരുടെ വാത്സല്യവും ലഭിച്ചു. പരസ്‌പര ബഹുമാനം പ്രധാനമാണ്‌. ആരെയും എന്തും പറയുന്ന രീതിയുള്ളവർ അത്‌ നിർത്തണം. യുഡിഎഫ്‌ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്‌തിരുന്നു.


എന്നാൽ, വിജയകരമായി മറികടന്നു. അതിന്‌ പ്രേരകശക്തിയായത്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌. ജനാധിപത്യപരമായി ഇടപെടാനും പെരുമാറാനും പാഠമായത്‌ സിപിഐ എം സംസ്ഥാനസെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണനാണ്‌. എന്നെ ഞാനാക്കിയത്‌ എന്റെ പ്രസ്ഥാനമാണ്‌. ക‍ൗൺസിലർമാരും ഉദ്യോഗസ്ഥരും ജനങ്ങളും എല്ലാവരും സഹകരിച്ചു, എല്ലാവർക്കും ഹൃദയത്തോട്‌ ചേർത്ത്‌ നന്ദി –മേയർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home