കൊച്ചിക്ക് ഹൃദയത്തിലിടം നൽകി സഞ്ചാരിലോകം

കൊച്ചി
ഇന്ത്യയിലെത്തിയാൽ കൊച്ചി കാണണമെന്ന് ബുക്കിങ് ഡോട്ട് കോം. ലോകമെങ്ങുമുള്ള സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ആംസ്‌റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുക്കിങ് ഡോട്ട് കോം.2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ മികച്ച സ്ഥലങ്ങളുടെ പട്ടികയിലാണ് ഇന്ത്യയിൽനിന്നുള്ള ഏക ഇടമായി ബുക്കിങ് ഡോട്ട് കോം കൊച്ചിയെ ഉൾപ്പെടുത്തിയിട്ടുള്ളത്.
സവിശേഷമായ കാഴ്‌ചകൾകൊണ്ട് സഞ്ചാരികളുടെ മനം നിറയ്‌ക്കുന്ന തുറമുഖ നഗരത്തെ കൂടുതൽ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതാണ് ബുക്കിങ് ഡോട്ട് കോമിന്റെ ലിസ്‌റ്റിങ്. "അറബിക്കടലിന്റെ റാണി'യായ കൊച്ചിയുടെ സമ്പന്ന സാംസ്‌കാരിക പൈതൃകവും കായൽ–കടൽക്കാഴ്‌ചകളും ചീനവലകളും ലോകമെമ്പാടുനിന്നും എത്തിച്ചേരാൻ കഴിയുന്ന മികച്ച യാത്രാസൗകര്യങ്ങളും കൊച്ചിയെ വ്യത്യസ്തമാക്കുന്നുവെന്ന് ബുക്കിങ് ഡോട്ട് കോം പറയുന്നു. വിനോദസഞ്ചാരപ്രധാനമായ ലോകരാജ്യങ്ങളുടെ പട്ടികയിൽ കൊച്ചിക്കും ഇടം ലഭിച്ചതിനെ അഭിനന്ദിച്ച് സംസ്ഥാന ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു.
കടലും കായലും ചേരുന്ന അഴിമുഖവും ചീനവലകളും ചെറുദ്വീപുകളും വൈവിധ്യങ്ങൾ സമ്മേളിക്കുന്ന തെരുവുകളുമൊക്കെയാണ് കൊച്ചിയിലെ പ്രധാന ആകർഷണങ്ങൾ. പൈതൃകമുറങ്ങുന്ന ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ജൂത സിനഗോഗ്, ജൂതത്തെരുവ്, സെന്റ് ഫ്രാൻസിസ് ചർച്ച്, വാസ്‌കോ ഹൗസ്, വാസ്‌കോ ഡ ഗാമ സ്‌ക്വയർ തുടങ്ങിയവ എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ചരിത്രസ്‌മാരകങ്ങളാണ്. ലോകമെന്പാടുമുള്ള സാംസ്‌കാരിക വൈവിധ്യങ്ങളുടെ സംഗമഭൂമി എന്ന ഖ്യാതിയും കൊച്ചിയുടെ പെരുമയാണ്.
കേരളത്തിന്റെ സ്വന്തം ജലമെട്രോ ഉൾപ്പെടെ മികച്ചതും അത്യാധുനികവുമായ യാത്രാസൗകര്യങ്ങളും ചെറുദ്വീപുകളെപ്പോലും ബന്ധിപ്പിക്കുന്ന കണക്ടിവിറ്റിയും കൊച്ചിയെയും പരിസരത്തെയും കൂടുതൽ സഞ്ചാരപ്രിയമാക്കുന്നു. ലോക സമകാല കലയുടെ സംഗമവേദിയായ കൊച്ചി -മുസിരിസ് ബിനാലെപോലുള്ള കലാ മാമാങ്കവും കൂടുതൽ വിദേശ, ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കുന്നതായി ബുക്കിങ് ഡോട്ട് കോം പറയുന്നു.
നഗരത്തോടുചേർന്നുള്ള കടമക്കുടി ദ്വീപുകളെക്കുറിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര അടുത്തിടെ സമൂഹമാധ്യമ പേജിൽ കുറിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു.









0 comments