കൊച്ചി റിഫൈനറിയിലെ തീപിടിത്തം ; അന്വേഷണത്തിന്‌ സമിതി , റിപ്പോർട്ട്‌ 3 ദിവസത്തിനകം

Kochi Bpcl Refinery fire
വെബ് ഡെസ്ക്

Published on Jul 10, 2025, 03:14 AM | 1 min read


കൊച്ചി

ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ ചൊവ്വാഴ്‌ചയുണ്ടായ തീപിടിത്തത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ മൂന്ന്‌ ദിവസത്തിനകം റിപ്പോർട്ട്‌ നൽകാൻ കലക്ടർ നിർദേശിച്ചു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ മനോജിന്റെ നേതൃത്വത്തിൽ ബിപിസിഎൽ ടെക്‌നിക്കൽ ഡയറക്ടർ, ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളായ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രദേശത്തെ സ്ഥിതി വിലയിരുത്താൻ ബുധനാഴ്‌ച കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം.


അപകടമുണ്ടായശേഷം അടിയന്തര പരിഹാരനടപടി സ്വീകരിക്കുന്നതിൽ കമ്പനിയുടെ ഭാഗത്ത്‌ വീഴ്‌ചയുണ്ടായെന്ന പരാതിയും അന്വേഷിക്കും. കമ്പനിയുടെ ദുരന്തനിവാരണ രൂപരേഖ പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി ഒരാഴ്ചയ്‌ക്കകം പുതിയ രൂപരേഖ സമർപ്പിക്കാൻ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ, ഹസാർഡ് അനലിസ്റ്റ്, കമ്പനിയുടെ ദുരന്തനിവാരണ പ്ലാൻ കോ–-ഓർഡിനേറ്റർ എന്നിവർക്ക് നിർദേശം നൽകി.


അപകടബാധിത പ്രദേശവും വീടുകളും താമസയോഗ്യമാണോ എന്നതിൽ പ്രദേശവാസികൾക്ക്‌ ആശങ്കയുണ്ട്‌. ഇക്കാര്യം പരിശോധിക്കാൻ സമിതി രൂപീകരിച്ചു. വീടുകൾ സന്ദർശിച്ച് രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകണം. പ്രദേശത്തുള്ളവരെ ചോറ്റാനിക്കരയിലേക്ക്‌ മാറ്റിയിരുന്നു. യോഗത്തിൽ ബെന്നി ബെഹനാൻ എംപി, പി വി ശ്രീനിജിൻ എംഎൽഎ, തിരുവാണിയൂർ, വടവുകോട്‌– പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റുമാർ, ജനകീയസമിതി അംഗങ്ങൾ, സമീപവാസികൾ തുടങ്ങിയവർ പങ്കെടുത്തു.


ക്യാമ്പിലുള്ളത്‌ 
അയ്യൻകുഴിയിലെ 100 പേർ

കൊച്ചി റിഫൈനറിയിലെ അപകടത്തെത്തുടർന്ന് ക്യാമ്പിൽ കഴിയുന്നത് അയ്യൻകുഴിയിലെ 100 പേർ. പ്രദേശമാകെ രൂക്ഷമായ ദുർഗന്ധപ്പക പടർന്ന് വീടുകളിൽ കഴിയാനാകാതെ വന്നതോടെയാണ് ഇവർ ക്യാമ്പിലേക്ക് മാറിയത്. ചോറ്റാനിക്കര ഇന്ദ്രപസ്ഥം ലോഡ്ജിലാണ് 30 കുടുംബങ്ങളുള്ളത്‌. ഇവർക്കുള്ള ഭക്ഷണം ബിപിസിഎൽ എത്തിക്കും.


പത്ത് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരും ക്യാമ്പിലേക്ക്‌ എത്തി. ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ ആശുപത്രികളിലെത്തിക്കാൻ ആംബുലൻസ് വിട്ടുനൽകാത്ത കമ്പനിയധികൃതരുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്‌. റോഡിലൂടെ വന്ന വാഹനങ്ങളിലും പുറമെനിന്ന്‌ വാഹനങ്ങൾ വിളിച്ചുമാണ് ആശുപത്രിയിൽ എത്തിച്ചത്. പി വി ശ്രീനിജിൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ സോണിയ മുരുകേശൻ, സി ആർ പ്രകാശൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എൻ ജി സുജിത് കുമാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home