കൊച്ചി റിഫൈനറി തീപിടിത്തം ; അയ്യൻകുഴിയിൽ വിദഗ്‌ധസമിതി പരിശോധന നടത്തി

അമ്പലമേട്
കൊച്ചി റിഫൈനറിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഏറ്റവുംകൂടുതൽ ദുരിതം നേരിട്ട അയ്യൻകുഴി പ്രദേശത്ത് വിദഗ്ധസമിതി പരിശോധന നടത്തി. തീപിടിത്തംമൂലം പ്രദേശമാകെ ദുർഗന്ധമുള്ള പുകനിറഞ്ഞ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. നിരവധിപേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടി. വലിയ തോതിലുള്ള വായുമലിനീകരണമുണ്ടായ സാഹചര്യത്തിലാണ് സമിതി വെള്ളിയാഴ്ച പരിശോധന നടത്തിയത്. കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇവിടം സന്ദർശിച്ച വിദഗ്ധര്‍ വീടുകളുടെ അകത്തുനിന്നും പുറത്തുനിന്നും വായു പ്ലാസ്റ്റിക് കവറിൽ ശേഖരിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയർ നോബി ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ കെ അശോക് കുമാർ, കമ്പനി പ്രതിനിധികൾ, വില്ലേജ് ഓഫീസർ, ജനപ്രതിനിധികൾ എന്നിവര്‍ ഒപ്പമുണ്ടായി. ശേഖരിച്ച വായു പരിശോധിച്ചതിനുശേഷം, ഒരാഴ്ചയ്‌ക്കകം കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർ നോബി ജോർജ് പറഞ്ഞു. നാല് ദിവസമായി അയ്യൻകുഴിയിലെ 30 കുടുംബങ്ങളിലെ 100 പേർ ചോറ്റാനിക്കരയിലെ സ്വകാര്യ ഹോട്ടലിലാണ് കഴിയുന്നത്.








0 comments