തുടർച്ചയ്‌ക്ക് കച്ചമുറുക്കി കൊച്ചി

കൊച്ചി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്‌സിയെ ഫോർട്ട് കൊച്ചി വെളി ജങ്‌ഷനിൽ പുഷ്‌പകിരീടവും മാലയും ചാർത്തി സ്വീകരിക്കുന്നു

ശ്രീരാജ് ഓണക്കൂർ [email protected]
Published on Mar 31, 2026, 03:10 AM | 1 min read
കൊച്ചി
പത്തുവർഷത്തെ വികസനഗാഥ തുടരാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നാട്ടുകാരനായ കെ ജെ മാക്സി വോട്ടുതേടുന്നു. കൺമുന്നിൽ യാഥാർഥ്യമാക്കിയ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി, നാളത്തെ കൊച്ചിയുടെ വികസനാവശ്യങ്ങൾ എടുത്തുപറഞ്ഞ് വോട്ടുതേടുന്ന മാക്‌സി പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്.
സംസ്ഥാന സർക്കാരിന്റെ വികസന നയങ്ങളും കെ ജെ മാക്‌സി എംഎൽഎയുടെ നിരന്തര ഇടപെടലുകളും പശ്ചിമകൊച്ചിയുടെയും തീരദേശത്തിന്റെയും മുഖച്ഛായ മാറ്റി.
ചെല്ലാനത്തെ കടലാക്രമണത്തിനുള്ള ശാശ്വതപരിഹാരംമുതൽ ജലമെട്രോയും ആധുനിക വിദ്യാഭ്യാസ-–ആരോഗ്യ സൗകര്യങ്ങളുംവരെ നീളുന്ന പദ്ധതികൾ മണ്ഡലത്തിന്റെ വികസന ഭൂപടം മാറ്റിവരച്ചു.
ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്റർ ടെട്രാപോഡ് കടൽഭിത്തിയും പുലിമുട്ടുകളും തീരദേശ നടപ്പാതയും പൂർത്തിയാക്കി. 340 കോടി ചെലവഴിച്ചു. രണ്ടാംഘട്ടമായി കണ്ണമാലി ഭാഗത്ത് 6.1 കിലോമീറ്ററിൽ ടെട്രാപോഡ് ഭിത്തി നിർമിക്കാൻ 404 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. തുരുത്തിയിലെ ഭൂരഹിത–ഭവനരഹിതർക്കുള്ള ഇരട്ട ഭവനസമുച്ചയങ്ങൾക്ക് 77.32 കോടി രൂപയും പി ആൻഡ് ടി നഗർ നിവാസികളുടെ പുനരധിവാസത്തിനായി 14.61 കോടി രൂപയും അനുവദിച്ചു. ‘പുനർഗേഹം' പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികൾക്ക് 56 ഭവനങ്ങളും നിർമിച്ചു.
2016ല്‍ കന്നിയങ്കത്തില്‍ത്തന്നെ അട്ടിമറി വിജയം നേടിയ മാക്സി 2021ൽ ഭൂരിപക്ഷം കുത്തനെ കൂട്ടി വിജയം ആവർത്തിച്ചു. യുഡിഎഫ് സ്ഥാനാർഥി ആരാകണമെന്ന കോൺഗ്രസിലെ തർക്കത്തിന്റെ ഭാഗമായി തെരുവുയുദ്ധമൊഴികെ എല്ലാം നടന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസുമാണ് അവസാന റൗണ്ടിൽ ഏറ്റുമുട്ടിയത്. വി ഡി സതീശന്റെ അനുയായി എന്നവകാശപ്പെടുന്ന ഷിയാസ് ഒടുവിൽ മറ്റു ഗ്രൂപ്പ് നേതാക്കളുടെകൂടി ഒൗദാര്യത്തിലാണ് സീറ്റൊപ്പിച്ചത്. കോൺഗ്രസിലെ തമ്മിലടിയും മണ്ഡലത്തിൽ ചർച്ചയാണ്.

ചെല്ലാനം സ്വദേശി അഡ്വ. കെ എക്‌സ് സേവ്യര്‍ ജൂലപ്പനാണ് എൻഡിഎ സ്ഥാനാനാർഥി. സംസ്ഥാനത്തുതന്നെ ആദ്യമായി കോർപറേഷനിൽ ബിജെപിക്ക് കൗൺസിലറെ സംഭാവന ചെയ്‌ത കൊച്ചിയിൽ പാർടിയെ അവഗണിച്ച് ട്വന്റി 20ക്ക് സീറ്റ് നൽകിയതിലെ അമർഷം ബിജെപി പ്രവർത്തകർക്കിടയിൽ പുകയുന്നു. ബിജെപി കൗൺസിലർമാർ ഉൾപ്പെടെ പ്രചാരണത്തിന് ഇല്ല.










0 comments