ad
Deshabhimani

മലിനജലം കയറി ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിൽ

കെഎംആർഎൽ മണ്ണടി: 
തൃക്കാക്കര സഹ. ആശുപത്രി നിയമനടപടിക്ക്‌

KMRL

കെഎംആർഎൽ മണ്ണിട്ട് മൂടിയതിനെ തുടർന്ന് നീരൊഴുക്ക് തടസ്സപ്പെട്ട് 
തൃക്കാക്കര നഗരസഭ ഓഫീസിനും മുനിസിപ്പൽ സഹകരണ ആശുപത്രിക്കും
സമീപം രൂപപ്പെട്ട വെള്ളക്കെട്ട്

വെബ് ഡെസ്ക്

Published on Jul 05, 2026, 03:04 AM | 1 min read

കാക്കനാട്


കെഎംആർഎല്ലിന്റെ അശാസ്ത്രീയമായ മണ്ണ് നിക്ഷേപത്തെത്തുടർന്ന്‌ തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയിലേക്ക് മലിനജലം ഒഴുകിയ സംഭവത്തിൽ ആശുപത്രി അധികൃതർ നിയമ നടപടിക്കൊരുങ്ങുന്നു. തൃക്കാക്കര നഗരസഭ ഓഫീസിനും സഹകരണ ആശുപത്രിക്കും ഇടയിലുള്ള ആറേക്കർ വരുന്ന താഴ്‌ന്ന പ്രദേശത്താണ് കഴിഞ്ഞ ആറുമാസമായി മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായി മണ്ണും കോൺക്രീറ്റ് മാലിന്യങ്ങളും നിക്ഷേപിച്ചത്. ഇതോടെ സീപോർട്ട്–എയർപോർട്ട് റോഡിന് അടിയിലൂടെ കടന്നുപോകുന്ന പഴയ കലുങ്ക് പൂർണമായും മണ്ണിനടിയിലായി.


കാക്കനാട്, കെബിപിഎസ്, മാവേലിപുരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള മഴവെള്ളം കിളിയങ്കൽ പാടശേഖരത്തിലേക്ക് ഒഴുകിയെത്തിയിരുന്നത് ഈ കലുങ്കിലൂടെയായിരുന്നു. എന്നാൽ നീരൊഴുക്ക് നിലച്ചതോടെ രൂപപ്പെട്ട വെള്ളക്കെട്ടിൽ നിന്നുള്ള മലിനജലം ആശുപത്രിയുടെ ചുറ്റുമതിലിനടിയിലൂടെ ആശുപത്രി വളപ്പിലേക്ക് ഒഴുകിയെത്തുകയാണ്. ചുറ്റുമതിലിന്റെ അടിഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ മതിൽ ഏത് നിമിഷവും തകർന്നുവീഴാമെന്ന സ്ഥിതിയാണ്‌. കലുങ്ക് പുന:സ്ഥാപിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ കലക്ടർ കെഎംആർഎല്ലിന് നിർദേശം നൽകിയിട്ടും അത് നടപ്പാക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന്‌ ആശുപത്രി പ്രസിഡന്റ് ഡോ. എം പി സുകുമാരൻ നായർ പറഞ്ഞു.


നിർദേശം നടപ്പാക്കാതെ രാത്രിയിൽ ഇവിടെ മണ്ണടി തുടരുന്ന സാഹചര്യത്തിലാണ് ആശുപത്രി ഭരണസമിതി നിയമപോരാട്ടത്തിലേക്ക് കടക്കുന്നത്. മഴക്കാലം രൂക്ഷമായതോടെ അടിയന്തരനടപടിയുണ്ടായില്ലെങ്കിൽ ആശുപത്രിയും സമീപ പ്രദേശങ്ങളും വലിയ ദുരന്തം നേരിടേണ്ടിവരുമെന്ന ആശങ്കയും ഉയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home