ബസ് ക്ലീനർക്കെതിരെ കേസ്
എഎസ്‌ഐയെ ഇടിച്ച് കറക്കിയിട്ടും ജാമ്യം; വിവാദമായപ്പോൾ വീണ്ടും അറസ്‌റ്റ്

കൊച്ചി
‘‘ നെഞ്ചത്ത് തള്ളി, കീഴ്‌ച്ചുണ്ടിൽ ഇടിച്ചു. തുടർന്ന് കറക്കി നിലത്തിട്ടു’. നഗരത്തിലെ സ്വകാര്യ ബസ് ക്ലീനറുടെ ആക്രമണത്തിനിരയായ എഎസ്‌ഐ നൽകിയ പരാതിയിൽ പറയുന്നതാണിത്. ഇത്രയും ആക്രമണം നടത്തിയ ക്ലീനറെ എന്തുചെയ്‌തെന്നോ. ദുർബല വകുപ്പ് ചുമത്തി അറസ്‌റ്റ് ചെയ്‌തശേഷം ജാമ്യത്തിൽവിട്ടു. സ്വകാര്യ ബസ് ക്ലീനർ മുഹമ്മദ് അൻസാറാണ് പൊലീസിന്റെ ‘കരുതൽ’ അനുഭവിച്ചറിഞ്ഞത്.
എറണാകുളം നോർത്ത് സ്‌റ്റേഷനിലാണ് വി ഡി സതീശൻ സർക്കാരിന്റെ മറ്റൊരു പൂക്കി വിസ്‌മയം അരങ്ങറിയത്. അക്രമിക്ക് കരുതലായ പൊലീസ് നടപടി വിവാദത്തിനും സേനയ്‌ക്കുള്ളിൽ പ്രതിഷേധത്തിനും ഇടയാക്കിയതോടെ മുഹമ്മദ് അൻസാറിനെ കുറ്റകൃത്യത്തിന് അനുസൃതമായ വകുപ്പ് ചേർത്ത് അറസ്‌റ്റ് ചെയ്‌തിരിക്കുകയാണിപ്പോൾ. ആഗസ്‌ത് ഒന്പതിന് മുഹമ്മദ് അൻസാർ കാർ തടഞ്ഞ് അതിലുണ്ടായ യാത്രക്കാരനെ ഭീഷണിപ്പെടുത്തിയതിന് പരാതി ലഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ശനിയാഴ്‌ചയാണ് പ്രതിയെ പിടികൂടിയത്. പിടികൂടുന്നതിനിടെയാണ് യാത്രക്കാരുടെ മുന്നിൽവച്ച് എഎസ്‌ഐ സുനിലിനെ തള്ളുകയും കീഴ്‌ച്ചുണ്ടിൽ ഇടിക്കുകയും കറക്കി നിലത്തിടുകയും ചെയ്‌തത്. അറസ്‌റ്റിന് പിന്നാലെ ജാമ്യത്തിൽവിട്ടു. അറസ്‌റ്റ് ചെയ്‌തതായി പൊലീസ് വാർത്താക്കുറിപ്പ് ഇറക്കിയെങ്കിലും എഎസ്‌ഐക്ക് മർദനമേറ്റ വിവരം മറച്ചുവച്ചു.
ജാമ്യത്തിൽ വിട്ടത് വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയപ്പോൾ മുഖം രക്ഷിക്കാനാണ് പുതിയ വകുപ്പ് ചേർത്ത് അറസ്‌റ്റ് ചെയ്‌തത്. ആഗസ്‌ത് ഒന്പതിന് ക്ലീനർ, കാർ തടഞ്ഞ് തടസ്സമുണ്ടാക്കിയ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമംവഴി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് മുഹമ്മദ് അൻസാറിനെ വീണ്ടും അറസ്‌റ്റ് ചെയ്‌തത്. വാഴക്കാലയിൽ നടന്ന സമാന സംഭവത്തിൽ തൃക്കാക്കര പൊലീസും കേസെടുത്തു. നിരവധി പരാതികൾ പ്രതിക്കെതിരെയുണ്ടെന്നും ശക്തമായ നടപടിയെടുക്കുമെന്നും സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്‌കുമാർ പറഞ്ഞു.








0 comments