മീനുകളെ തൊടാതെ നീളം അളക്കാം
"മത്സ്യമെട്രി' മൊബൈൽ ആപ്പുമായി സിഎംഎഫ്ആർഐ

കൊച്ചി
മീനുകളെ തൊടാതെതന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാൻ സഹായിക്കുന്ന ‘മത്സ്യമെട്രി' മൊബൈൽ ആപ്പ് വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യയിനങ്ങളുടെ സ്റ്റോക്ക് അസസ്‌മെന്റും വിവരശേഖരണവും കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. മീനുകളുടെ ചിത്രങ്ങൾ മൊബൈൽഫോൺ കാമറയിൽ പകർത്തി, അവയുടെ അളവുകൾ തിട്ടപ്പെടുത്താൻ ആപ്പ് വഴി സാധിക്കും.
ഒരേ ഇനത്തിൽപ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകൾ ഒരൊറ്റ സാമ്പിളിങ് സെഷനിൽത്തന്നെ ആപ്പിൽ രേഖപ്പെടുത്താം. ഈ വിവരങ്ങൾ ഓട്ടോമാറ്റിക് വർഗീകരണം നടത്തി ശാസ്ത്രീയ പഠനങ്ങൾക്കായി പിന്നീട് ഉപയോഗിക്കുകയും ചെയ്യാം.
സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റും ഐസിഎആർ നാഷണൽ ഫെലോയുമായ ഡോ. എൽദോ വർഗീസാണ് ആപ്പ് വികസിപ്പിച്ചത്. ഫീൽഡ് സർവേകളിലെ മത്സ്യവിവര ശേഖരണം ലളിതമാക്കാൻ ‘മത്സ്യമെട്രി' ആപ്പ് സഹായിക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. എആർ കോർ പിന്തുണയുള്ള ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പ് പ്രവർത്തിക്കും. ഫോൺകാമറ മീനുകൾക്കുനേരെ പിടിക്കുമ്പോൾ സ്‌ക്രീനിൽ തെളിയുന്ന മെഷറിങ് ഗൈഡ് വഴിയാണ് നീളവും വീതിയും അളക്കുന്നത്. കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിലുള്ള ഐസിഎആർ നാഷണൽ ഫെലോ പ്രോജക്ടിന്റെ ഭാഗമായാണ് ആപ്പ് തയ്യാറാക്കിയത്.








0 comments