ad
Deshabhimani

കുര്യാപ്പിള്ളിയിൽ കണ്ടെയ്നർ ലോറി കടകളിലേക്ക് ഇടിച്ചുകയറി

accident

കുര്യാപ്പിള്ളി ഷാപ്പുപടിയിൽ കണ്ടെയ്നർ ലോറി ഇടിച്ച് കടമുറികൾ തകർന്നനിലയിൽ

വെബ് ഡെസ്ക്

Published on Sep 08, 2026, 03:37 AM | 1 min read

പറവൂർ​


മൂത്തകുന്നത്തിനും ലേബർക്കവലയ്ക്കും മധ്യേ ദേശീയപാത - 66ന്റെ സമാന്തര വൺവേ റോഡിൽ കുര്യാപ്പിള്ളി ഷാപ്പുപടി ഭാഗത്ത് കണ്ടെയ്‌നർ ലോറി കടകളിലേക്ക് ഇടിച്ചുകയറി. തിങ്കൾ പുലർച്ചെ മൂന്നോടെയാണ്‌ അപകടം. ആളില്ലാത്ത സമയമായതിനാൽ ദുരന്തം ഒഴിവായി. വടക്കൻ കേരളത്തിൽനിന്നെത്തിയ മധ്യപ്രദേശ് രജിസ്ട്രേഷനുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് കടമുറികളുള്ള കെട്ടിടം പൂർണമായി തകർന്നു. വൈദ്യുതിത്തൂണും ഒടിഞ്ഞു. ലോറിയുടെ മുൻഭാഗത്തും കേടുപാടുകൾ സംഭവിച്ചു.


തകർന്ന കെട്ടിടത്തിലെ ഒരുമുറിയിൽ ഇലക്ട്രോണിക്സ് റിപ്പയറിങ് ഷോപ്പും മറ്റു രണ്ടുമുറികളിലായി അടയ്ക്ക, ജാതിക്ക, തേങ്ങ തുടങ്ങിയവയെടുത്ത്‌ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന മറ്റൊരു കടയുമാണ്‌ പ്രവർത്തിച്ചിരുന്നത്. ഇലക്ട്രോണിക്‌സ് റിപ്പയറിങ് ഷോപ്പിൽ വൈൻഡിങ് മെഷീൻ, ഡ്രില്ലിങ് മെഷീൻ, ഇലക്ട്രോണിക് ബോർഡുകൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ നശിച്ചു. മലഞ്ചരക്കുകടയിലെ ഫ്രിഡ്ജും സംഭരിച്ചിരുന്ന വസ്‌തുകളുമെല്ലാം നശിച്ചു. ഇലക്ട്രോണിക്സ് റിപ്പയറിങ് ഷോപ്പിൽ ഒന്നരലക്ഷം രൂപയുടെയും മലഞ്ചരക്കുകടയിൽ രണ്ടരലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായാണ് നിഗമനം. കൊല്ലേഴത്ത് രമേശാണ് കെട്ടിട ഉടമ.


അപകടമുണ്ടായ ഉടൻ കടന്നുകളഞ്ഞ ലോറിഡ്രൈവർ പിന്നീട് വടക്കേക്കര പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. അമിത വേഗമാണോ വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമായതാണോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്നു വ്യക്തമായിട്ടില്ല. ഡ്രൈവർ പറയുന്നതിൽ കൃത്യതയില്ലെന്നും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home