മുതലാളീടെ ലൈഫ് സെറ്റ്, പാവങ്ങൾക്കോ...

കൊച്ചി
കിറ്റക്‌സ് മുതലാളിയുടെ ട്വന്റി 20 ഭരിക്കുന്ന കിഴക്കന്പലം പഞ്ചായത്തിൽ പോയ അഞ്ചുവർഷവും സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിലേക്കുള്ള ഒരപേക്ഷപോലും സ്വീകരിച്ചില്ലെന്ന് വിവരാവകാശ രേഖ. പഞ്ചായത്ത് പ്രദേശത്ത് എത്രപേർ ഭൂ, ഭവനരഹിരതരായുണ്ടെന്ന കണക്കും എടുത്തിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ മറുപടി.
തനത് ഫണ്ടിൽ 8.17 കോടി രൂപ ബാങ്ക് അക്കൗണ്ടിൽ നീക്കിയിരിപ്പുള്ളപ്പോഴാണിത്. വവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ ചോദ്യത്തിനാണ് മറുപടികൾ ലഭിച്ചത്.
ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിൽ ഒന്നാണ് കിഴക്കന്പലം. മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളിലെ വിവരം ലഭ്യമായിട്ടില്ല. അവിടങ്ങളിലും ലൈഫ് പദ്ധതിയിൽ വീടുകൾ നൽകിയിട്ടില്ലെന്നാണ് വിവരം.
കിഴക്കന്പലം പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ അപേക്ഷ സ്വീകരിച്ചിട്ടില്ലെങ്കിലും 221 വീട് നിർമിച്ചുനൽകിയതായി പഞ്ചായത്ത് അവകാശപ്പെടുന്നുണ്ട്. അത് ഏതു വാർഡിൽ, ആർക്കൊക്കെ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. കിഴക്കന്പലം ഉൾപ്പെടെ നാല് പഞ്ചായത്തുകളിലും ട്വന്റി 20യെ അനുകൂലിക്കാത്തവർക്ക് വ്യക്തിഗത ആനുകൂല്യങ്ങളെല്ലാം നിഷേധിച്ചിരുന്നതായി നേരത്തേ പരാതിയുണ്ട്. പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽ പഞ്ചായത്ത് റോഡ് പോലും അറ്റകുറ്റപ്പണി നടത്താറുമില്ല. ഇൗ സാഹചര്യത്തിൽ എന്തു മാനദണ്ഡപ്രകാരമാണ് കുറച്ചുപേർക്കെങ്കിലും വീട് നൽകിയിട്ടുള്ളതെന്ന ചോദ്യവുമുയരുന്നു. പഞ്ചായത്ത് പ്രദേശത്തെ ഭൂ, ഭവനരഹിതരുടെ കണക്ക് എടുത്തിട്ടില്ലെന്ന മറുപടിയും ഞെട്ടിക്കുന്നതാണ്. കിഴക്കന്പലം പഞ്ചായത്ത് പ്രദേശത്ത് ഇപ്പോഴും പൊതുശ്‌മശാനം ഇല്ലെന്ന മറുപടിയും വിവരാവകാശ രേഖയിലുണ്ട്. സിംഗപ്പൂർ മോഡൽ റോഡ് ഉൾപ്പെടെ മോഹനവാഗ്‌ദാനങ്ങൾ നൽകിയ പാർടി തുടർച്ചയായി ഭരിക്കുന്ന പഞ്ചായത്തിലാണിത്.
4 പഞ്ചായത്തുകളിലായി പാഴാക്കിയത് 44 കോടി
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ വിവിധ പദ്ധതികൾക്കായി ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപ പാഴാക്കിയതായുള്ള ഓഡിറ്റ് റിപ്പോർട്ടും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കിഴക്കന്പലം പഞ്ചായത്ത് 10 വർഷത്തിനിടെ 19.14 കോടി രൂപ പാഴാക്കിയെന്നാണ് റിപ്പോർട്ട്. കുന്നത്തുനാട്ടിൽ അഞ്ചുവർഷത്തിനുള്ളിൽ 8.9 കോടി രൂപയും മഴുവന്നൂരിൽ നാലുവർഷത്തിനിടെ 12.99 കോടി രൂപയും ഐക്കരനാട് ഇതേ കാലയളവിൽ 2.52 കോടിയും പാഴാക്കിയെന്നാണ് കണ്ടെത്തൽ. കുടിവെള്ളം, റോഡ്, വിദ്യാഭ്യാസം, ആരോഗ്യം, വീട്, പട്ടികജാതിക്ഷേമം തുടങ്ങിയ പദ്ധതികൾക്കായി വിനിയോഗിക്കേണ്ട തുകയാണിത്.









0 comments