ക്ഷേമപെൻഷൻ ഒൗദാര്യമല്ല; സമ്മതിച്ച് മനോരമയും
print edition ക്ഷേമ പെൻഷൻ മുടക്കാൻ ചട്ടലംഘന ആക്ഷേപം

മിൽജിത് രവീന്ദ്രൻ
Published on Dec 05, 2025, 01:56 AM | 2 min read
തിരുവനന്തപുരം
സംസ്ഥാനത്ത് ക്ഷേമപെൻഷൻ 15 മുതൽ വിതരണം ചെയ്യുന്നതിനെ എതിർക്കുന്ന പ്രതിപക്ഷത്തിന്റെ നീക്കം അവരുടെ പെൻഷൻവിരുദ്ധ നിലപാടിന്റെ തുടർച്ച. 62 ലക്ഷം ജനങ്ങൾക്ക് ആശ്വാസമേകുന്ന ക്ഷേമപെൻഷൻ വിതരണത്തെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് യുഡിഎഫിനുവേണ്ടി മനോരമ ദുർവ്യാഖ്യാനം ചെയ്യുന്നത്. മുടക്കമില്ലാതെ പെൻഷൻ വിതരണം ചെയ്യുകയെന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. വർധിപ്പിച്ച 2000 രൂപ പെൻഷൻ കുടിശ്ശിക തീർത്ത്, നവംബറിൽ വിതരണം ചെയ്‌തിരുന്നു.
15 മുതൽ പെൻഷൻ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കാനാണെന്നാണ് ആക്ഷേപം. 11 ന് സംസ്ഥാനത്തെ വോട്ടെടുപ്പ് അവസാനിക്കും. 11ന് മുന്പാണ് പെൻഷൻ വിതരണമെങ്കിൽ അത്തരത്തിൽ വ്യാഖ്യാനിക്കാമായിരുന്നു. സാധാരണ 20 മുതലാണ് പെൻഷൻ വിതരണം. വിശേഷ അവസരങ്ങളിൽ ഇത് നേരത്തെ നൽകുന്നത് പതിവാണ്. ഇത്തവണ ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായാണ് 15 മുതൽ നൽകുന്നത്. പെൻഷൻ സംബന്ധിച്ച് ധനമന്ത്രി വാർത്താക്കുറിപ്പ് ഇറക്കിയെന്നും പ്രചരിപ്പിച്ചു. ഇത്തരം ഒരു വാർത്താക്കുറിപ്പ് ധനമന്ത്രിയുടെ ഓഫീസിൽനിന്ന് ഇറക്കിയിട്ടില്ല. മന്ത്രി ഫയൽ ഒപ്പുവച്ചാൽ മാധ്യമങ്ങളിൽ വാർത്തയാകുന്നത് പുതുമയുമല്ല.
എൽഡിഎഫ് സർക്കാർ 1980ൽ ക്ഷേമപെൻഷൻ ആരംഭിച്ചതുമുതൽ എതിർ നിലപാടാണ് മനോരമയും വലതുപക്ഷ പാർടികളും സ്വീകരിച്ചത്. പെൻഷൻ നൽകുന്നത് ഉൽപ്പാദനക്ഷമമല്ല എന്നാണ് അവരുടെ നിലപാട്. തുടർന്നുവന്ന യുഡിഎഫ് സർക്കാരുകൾ ഒരു രൂപപോലും പെൻഷൻ വർധിപ്പിച്ചില്ല. ഉമ്മൻചാണ്ടി സർക്കാർ 100 രൂപ വർധിപ്പിച്ചത് നൽകാതെ 18 മാസം കുടിശ്ശികയാക്കി. അതിനുമുമ്പുള്ള യുഡിഎഫ് സർക്കാർ 28 മാസമാണ് കുടിശ്ശികയാക്കിയത്. തുടർന്നുവന്ന എൽഡിഎഫ് സർക്കാരുകളാണ് കുടിശ്ശിക തീർത്തത്.
ക്ഷേമപെൻഷൻ വിതരണത്തിന് സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ് എന്ന പേരിൽ ഒന്നാം പിണറായി സർക്കാർ പ്രത്യേക സംവിധാനവും രൂപീകരിച്ചു. താൽക്കാലിക കടമെടുപ്പിലൂടെയും മറ്റും പെൻഷൻ കൃത്യമായി വിതരണം ചെയ്യുകയും സർക്കാർ തിരിച്ചുകൊടുക്കുമ്പോൾ കടം വീട്ടുകയുമാണ് ചെയ്‌തിരുന്നത്. കേന്ദ്രസർക്കാർ പെൻഷൻ കമ്പനിയുടെ വായ്‌പ സംസ്ഥാനത്തിന്റെ കടമായി ചിത്രീകരിച്ച്, സംസ്ഥാനത്തിന്റെ വായ്‌പാപരിധി വെട്ടിക്കുറച്ചു. ഇൗ ജനവിരുദ്ധ നടപടിക്ക് കൈയടിക്കുകയാണ് മനോരമയും പ്രതിപക്ഷവും ചെയ്‌തത്.
ക്ഷേമപെൻഷൻ ഒൗദാര്യമല്ല; സമ്മതിച്ച് മനോരമയും
ക്ഷേമ പെൻഷൻ സംബന്ധിച്ച് മനോരമ ലേഖനത്തിനു പിന്നിൽ ദുരുദ്ദേശം. ‘വാങ്ങൂ അഭിമാനത്തോടെ’ എന്ന് പെൻഷനെ കുറിച്ച് സാഹിത്യകാരനായ ലേഖകൻ ഉൗറ്റം കൊള്ളുന്നുണ്ടെങ്കിലും, കേരളത്തിൽ മാത്രമാണ് ഇത്ര വിപുലമായ പെൻഷൻ പദ്ധതി നിലവിലുള്ളതെന്നതും അതിനെ ഇല്ലാതാക്കാനാണ് യുഡിഎഫ് സർക്കാരുകൾ എക്കാലവും ശ്രമിച്ചിട്ടുള്ളതെന്നതും വിസ്‌മരിക്കുന്നു.
ക്ഷേമപെൻഷൻ ഒൗദാര്യമല്ല, അവകാശമാണ് എന്ന് ലേഖകൻ പയുന്നുണ്ട്. എല്ലാ കാലത്തും ഇടതുപക്ഷം സ്വീകരിച്ച നിലപാടാണത്. എന്നാൽ, ക്ഷേമപെൻഷൻ ഉൽപ്പാദനക്ഷമമല്ലെന്ന നിലപാടാണ് വലതുപക്ഷവും മനോരമയും എക്കാലവും സ്വീകരിച്ചത്. അതേ മനോരമയ്‌ക്കുതന്നെ ക്ഷേമ പെൻഷൻ ഒൗദാര്യമല്ലെന്നും അഭിമാനത്തോടെ വാങ്ങൂ എന്നും ദുരുദ്ദേശ്യത്തോടെയാണെങ്കിലും സാഹിത്യകാരനിലൂടെ പറയേണ്ടി വന്നു.
ക്ഷേമ പെൻഷൻ ആരംഭിച്ചതും പടിപടിയായി വർധിപ്പിച്ച് ഇപ്പോൾ 2000 രൂപയിലെത്തിച്ചതും എൽഡിഎഫ് സർക്കാരുകളാണ്. അധികാരത്തിൽ എൽഡിഎഫ് എങ്കിൽ പെൻഷൻ മുടങ്ങില്ലെന്ന ജനങ്ങളുടെ വിശ്വാസം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. ആ വിശ്വാസത്തിൽ അവർ എൽഡിഎഫിന് നൽകുന്ന പിന്തുണയിലാണ് ലേഖകന്റെ അമർഷം. ഭരണകൂടത്തിന്റെ ഏറ്റവും പ്രാഥമികമായ കടമയാണ് സാമൂഹ്യ സുരക്ഷാ പദ്ധതികൾ എന്ന് ലേഖകൻ പറയുന്നു. എന്നാൽ, ഇത്ര വിപുലമായ സാമൂഹ്യ സുരക്ഷാ പെൻഷൻ കേരളത്തിൽ മാത്രമാണുള്ളതെന്നത് വിസ്‌മരിക്കുന്നു. 62 ലക്ഷം പേർക്കാണ് കേരളത്തിൽ മാസം രണ്ടായിരം രൂപ വീതം പെൻഷൻ നൽകുന്നത്. യുഡിഎഫ് സർക്കാരുകൾ പതിനെട്ടും ഇരുപത്തെട്ടും മാസം പെൻഷൻ കുടിശികയാക്കുകയായിരുന്നു. ഇതും ലേഖകൻ മൂടിവയ്‌ക്കുന്നു.
തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചും ലേഖനത്തിൽ പറയുന്നുണ്ട്. ഇടതുപക്ഷത്തിന്റെ നിർബന്ധത്തിൽ യുപിഎ സർക്കാർ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനാണ് പിന്നീട് കോൺഗ്രസ്, ബിജെപി സർക്കാരുകൾ ശ്രമിച്ചത്. തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നത് കേരളത്തിലാണെന്നതും ലേഖകൻ വിസ്‌മരിക്കുന്നു.









0 comments