കോൺഗ്രസുകാർ സൈബർ ആക്രമണം നടത്തിയെന്ന് ചെന്നിത്തലയും
print edition അതിജീവിതയ്ക്കുനേരെ സൈബർ ആക്രമണം ; സംസ്ഥാനത്ത് രജിസ്റ്റർചെയ്തത് 32 കേസ്

തിരുവനന്തപുരം
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ നടപടിയുമായി പൊലീസ്. സംസ്ഥാനത്ത് ഇതിനകം 32 കേസാണ് രജിസ്റ്റർ ചെയ്തത്. പലതിലും ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചതടക്കമുളള വകുപ്പുകൾ ചേർത്താണ് കേസ്.
സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ അതിജീവിതയെ അപമാനിക്കുന്ന കമന്റിടുന്നവർക്കെതിരെയും നടപടിയുണ്ട്.
സമൂഹ മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയതിനുപിറകെ അതിജീവിതയ്‌ക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് രാഹുൽ ഈശ്വർ കസ്റ്റഡിയിലാണ്. അതിജീവിതയെ അധിക്ഷേപിക്കുന്ന പല വീഡിയോകളും ഇയാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സന്ദീപ് വാര്യർ, പാലക്കാട് സ്വദേശിയായ യൂട്യൂബർ തുടങ്ങിയവരും കേസുകളിൽ പ്രതികളാണ്. സൈബർ ആക്രമണത്തിന് വഴിയൊരുക്കിയത് സന്ദീപ് വാര്യരാണെന്ന് ആരോപണമുണ്ട്.
കോൺഗ്രസുകാർ സൈബർ ആക്രമണം നടത്തിയെന്ന് ചെന്നിത്തലയും
തനിക്കെതിരെയും കോൺഗ്രസുകാർ സൈബര്‍ ആക്രമണം നടത്തിയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. നേരത്തെ മറ്റ് പാര്‍ട്ടിക്കാരാണ് സമൂഹമാധ്യമങ്ങളില്‍ ആക്രമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ ആളുകള്‍ തന്നെയാണ്– തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംഎല്‍എ ഒളിവില്‍ പോയിട്ട് അഞ്ച് ദിവസമായില്ലേ എന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ അഞ്ചല്ല, എട്ട് ദിവസമായെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. എംഎല്‍എ ഒളിവില്‍ പോകുന്നത് ശരിയായ നടപടിയല്ല. ഒരാളെ എംഎല്‍എ ആക്കിയതിന്റെ പേരില്‍ അയാള്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. രാഹുലിന്റെ വിഷയം വ്യക്തിജീവിതത്തിലെ അപചയമാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിപ്പെട്ടിട്ടും ഷാഫി പറമ്പില്‍ അവഗണിച്ചതായ വെളിപ്പെടുത്തലില്‍ മറുപടി പറയേണ്ടത് ഷാഫിയാണെന്നും ചെന്നിത്തല പറഞ്ഞു.









0 comments