നേട്ടങ്ങളില്ല പിന്നോട്ടടിച്ച 6 മാസം

കൊച്ചി
യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റിട്ട് ആറുമാസം പൂർത്തിയാകുന്പോൾ മുഖ്യമന്ത്രിയും മറ്റു മൂന്ന് മന്ത്രിമാരും പ്രതിനിധാനംചെയ്യുന്ന ജില്ലയായിട്ടും ചൂണ്ടിക്കാണിക്കാവുന്ന നേട്ടങ്ങളൊന്നുമില്ല. വികസനരംഗത്ത് കഴിഞ്ഞ പത്തുവർഷം ദൃശ്യമായിരുന്ന ചടുലത അപ്രത്യക്ഷമായി. പൊലീസിലെ അനധികൃത ഇടപെടൽ കോടതികളുടെപോലും വിമർശത്തിനിടയാക്കി.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സർക്കാർ ആശുപത്രി ചികിത്സാപിഴവിന്റെ ഹെഡ്‌ക്വാർട്ടേഴ്‌സായതും ആദ്യ അർധവർഷത്തെ ‘നേട്ടം’. ഉന്നതവിദ്യാഭ്യസമന്ത്രിയുടെ മണ്ഡലത്തിലുള്ള സംസ്‌കൃത സർവകലാശാലയിൽ നാലുമാസമായി വിദ്യാർഥിസമരം പരിഹാരമില്ലാതെ തുടരുന്നു. കുസാറ്റ് കാന്പസിൽ യുഡിഎഫ് സിൻഡിക്കറ്റിന്റെ രാഷ്‌ട്രീയപകപോക്കലിൽ സസ്‌പെൻഷനിലായ നാല് ജീവനക്കാരുടെ സമരവും ഒന്നരമാസമായി നടക്കുന്നു.
കുറ്റവാളികൾക്ക് കരുതൽ
മദ്യലഹരിയിൽ പത്തൊന്പതുകാരൻ ഓടിച്ച മിനികൂപ്പർ കാറിടിച്ച് നെടുന്പാശേരിയിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതികളെ രക്ഷിച്ചെടുക്കാനുള്ള ഭരണകക്ഷിയിലെ ഉന്നതരുടെ ശ്രമങ്ങൾ ആ ദുരന്തംപോലെ നടുക്കമുളവാക്കുന്നതായി. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യാപാരിയുടെ മകനായിരുന്നു ഒന്നാംപ്രതി. പ്രതിയുടെ പേര് എഴുതാതെ നെടുന്പാശേരി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
മദ്യപിച്ചിരുന്നത് രേഖപ്പെടുത്തിയുമില്ല. കേസിലെ നാല് പ്രതികളെയും ജയിലിലേക്കയക്കാതെ ബോസ്റ്റൽ സ്‌കൂളിലേക്കയച്ചതും ഒന്നാംപ്രതിയുടെ മുടി വെട്ടി രൂപമാറ്റം വരുത്തിയതും കുറ്റവാളികൾക്കുള്ള സർക്കാരിന്റെ ‘കരുതലായി’. ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട നടത്തിയിരുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്‌ണൻ (51) മരിച്ച സംഭവത്തിൽ പ്രതിയെ രക്ഷിക്കാനും കേസ് ഒതുക്കാനുമുള്ള പൊലീസിന്റെ നീക്കവും നാടിനെ നടുക്കി.
കഴിഞ്ഞ സെപ്‌തംബറിലാണ് കാലടി പൊലീസ് സ്‌റ്റേഷനിൽ ദളിത് യുവാവിന് കൊടും മർദനമേറ്റത്. എയർപോർട്ട് ടാക്‌സി ഡ്രൈവർ ശ്രീമൂലനഗരം എരിക്കുംപുറത്ത് വീട്ടിൽ സുജിത് ജയനാണ് മാരകായുധങ്ങളുപയോഗിച്ച് ജനനേന്ദ്രിയത്തിലും മുഖത്തും അടിയേറ്റത്. കഴിഞ്ഞ ജൂണിലാണ് പതിനാറുകാരന് ഞാറക്കൽ പൊലീസ് സ്‌റ്റേഷനിൽ ക്രൂരമർദനമേറ്റത്.
സ്വർണമാല നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് സ്‌റ്റേഷനിലേക്ക് അമ്മൂമ്മയെ വിളിപ്പിച്ചപ്പോൾ ഒപ്പംപോയ നായരന്പലം അറയ്‌ക്കൽ അശ്വിൻ റോബിനാണ് അടിയേറ്റ് ഞാറക്കൽ ഗവ. ആശുപത്രിയിൽ ചികിത്സതേടിയത്. നഗരത്തിൽ നടുറോഡിൽപ്പോലും ക്രിമിനലുകളുടെ അഴിഞ്ഞാട്ടവും പൊലീസിനുനേരെ കൈയേറ്റവും പതിവ് സംഭവങ്ങളായി. എംപിയും കെപിസിസി മുൻ പ്രസിഡന്റുമായ കെ സുധാകരൻ ഗുണ്ടകളുടെ യോഗം വിളിച്ച് അവരെ തൂഫാൻ പോരാളികളാക്കിയ കാഴ്‌ചയും കേരളം കണ്ടു.
മുഖ്യമന്ത്രിയും 3 മന്ത്രിമാരും പ്രതിനിധാനം ചെയ്യുന്ന ജില്ലയായിട്ടും
വികസന നേട്ടങ്ങളില്ല








0 comments