കെടാമംഗലം സൈനൻ
കലയെ നെഞ്ചേറ്റിയ ഇടതുപക്ഷ കലാകാരൻ

പറവൂർ
ബാലസംഘം പ്രവർത്തകർക്ക് എന്നും ഇഷ്ടകൂട്ടുകാരനായിരുന്നു അന്തരിച്ച കെടാമംഗലം സൈനൻ. ബാലസംഘത്തിന്റെ പ്രധാന പരിപാടികളിൽ ക്ഷണിതാവായി ഒരു മടിയുംകൂടാതെയെത്തി കുട്ടികളെ ആസ്വാദനത്തിന്റെ പുത്തൻതലങ്ങളിലേക്കെത്തിക്കുമായിരുന്നു. മുഖഭാവവും തലമുടിയുടെ പ്രത്യേകതയുംകൊണ്ട് കുതിരവട്ടം പപ്പുവിന്റെയും ഇന്നസെന്റ്, എം എം മണി എന്നിവരുടെയും ഫിഗർ അനായാസേന അവതരിപ്പിച്ചു.
ദുരിതപൂർണമായ ജീവിതസാഹചര്യത്തിൽനിന്ന് പ്രാദേശിക ക്ലബ്ബുകൾ, സംഘടനകൾ എന്നിവയിൽ പരിപാടി അവതരിപ്പിച്ചാണ് കലാരംഗത്ത് സജീവമാകുന്നത്. ജന്മദേശമായ ഏഴിക്കര കൂടാതെ കോട്ടുവള്ളി, ചിറ്റാറ്റുകര പഞ്ചായത്തുകളിൽ നടക്കുന്ന കലാമത്സരങ്ങളിൽ പങ്കെടുത്തു. കേരളോത്സവ വേദികളിൽ സജീവമായിരുന്ന കാലത്താണ് നടൻ സലിംകുമാർ, കൈതാരം പ്രദീപ് എന്നിവരുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് മൂവരും ഒരുമിച്ച് ആലുവ ശാരിക എന്ന ട്രൂപ്പിലെത്തി. സലിംകുമാർ തുടങ്ങിയ കൊച്ചിൻ സ്റ്റാലിയൻസ് എന്ന ട്രൂപ്പിലെ പ്രധാന താരമായിരുന്നു.
മിമിക്രി എന്ന കലാരൂപത്തിന് നൽകിയ സമഗ്രസംഭാവനയ്‌ക്ക് 2025ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് സൈനന് ലഭിച്ചപ്പോൾ സലിംകുമാറിന്റെ നേതൃത്വത്തിൽ കൊച്ചിൻ സ്റ്റാലിയൻസസ് ആദരം നൽകി. പല്ലിനു വന്ന പഴുപ്പ് അണുബാധയായി മറ്റു ആന്തരിക അവയവങ്ങളെ ബാധിച്ചതാണ് മരണത്തിന് ഇടയാക്കിയത്. കലാകാരന്മാരുടെ നാടായ കെടാമംഗലത്തു ജനിച്ച അദ്ദേഹം പ്രൊഫഷണൽ വേദികളിലെത്തിയപ്പോൾ പേരിനൊപ്പം ജന്മനാടിനെയും ചേർത്തുപിടിച്ചു.
സ്വന്തമായി വീടില്ലാതെ ചോർന്നൊലിച്ച വാടകവീട്ടിൽ ഭാര്യയും കുട്ടികളുമായി കഴിഞ്ഞിരുന്ന സൈനന് സിപിഐ എം പറവൂർ ഏരിയ കമ്മിറ്റി കനിവ് ഭവന പദ്ധതിയിൽ 2019ൽ വീട് നിർമിച്ചു നൽകി. കലാരംഗത്തെയും പ്രത്യേകിച്ച് മിമിക്രിയെയും ജീവനുതുല്യം നെഞ്ചേറ്റിയ അതുല്യപ്രതിഭയെയാണ് കലാലോകത്തിന് നഷ്‌ടമായത്.









0 comments