ad
Deshabhimani

യാഥാർഥ്യമായത്‌ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലെ 
 നിക്ഷേപവാഗ്ദാനം

പെരുമ്പാവൂർ വീണ്ടെടുക്കും ഗതകാല വ്യവസായ പെരുമ

p rajeev
വെബ് ഡെസ്ക്

Published on Feb 13, 2026, 01:30 AM | 1 min read


കൊച്ചി

ട്രാവൻകൂർ റയോൺസ്‌ കന്പനി പൂട്ടിപ്പോയ സ്ഥാനത്ത്‌ വമ്പൻ ഇലക്‌ട്രോണിക്‌സ്‌ വ്യവസായം സ്ഥാപിച്ചതിലൂടെ വീണ്ടെടുത്തത്‌ പെരുമ്പാവൂരിന്റെ ഗതകാല വ്യവസായ പെരുമ. റയോൺസ്‌ ഭൂമിയിൽ സ്റ്റേഡിയം സ്ഥാപിക്കണമെന്നതുൾപ്പെടെ പദ്ധതി നിർദേശങ്ങൾ വന്നെങ്കിലും വ്യവസായ വികസനത്തിനുതന്നെ ഭൂമി വിനിയോഗിക്കാനാണ്‌ സർക്കാർ തീരുമാനിച്ചത്‌. അതിന്റെ വിജയപ്രഖ്യാപനംകൂടിയായി കെയ്‌ൻസ്‌ ടെക്‌നോളജിയുടെ സംസ്ഥാനത്തെ ആദ്യ ഉൽപ്പാദന യൂണിറ്റിന്റെ ഒന്നാംഘട്ട ഉദ്‌ഘാടനം.

രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക്‌സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിങ് കമ്പനിയാണ്‌ മൈസൂരു ആസ്ഥാനമായ കെയ്‌ൻസ്‌ ടെക്‌നോളജി. 350 കോടി രൂപയുടെ നിക്ഷേപമാണ് ഇവർ പെരുമ്പാവൂരിൽ നടത്തുന്നത്. 1500ലേറെ ഹൈ സ്കിൽ തൊഴിലവസരങ്ങൾ അതുവഴി ലഭ്യമാകും.


2025 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലെ നിക്ഷേപ വാഗ്ദാനമാണ് യാഥാർഥ്യമായത്. അതിനുമുന്പായി വ്യവസായമന്ത്രി പി രാജീവ്‌ കന്പനിയുടെ സ്ഥാപക ചെയർമാൻ രമേഷ്‌ കുഞ്ഞിക്കണ്ണനുമായി കൂടിക്കാഴ്‌ചകൾ നടത്തിയിരുന്നു. ഗുജറാത്തിൽ ഉൾപ്പെടെ വൻകിട നിക്ഷേപങ്ങൾ നടത്തിയിട്ടുള്ള കണ്ണൂർ സ്വദേശിയായ അദ്ദേഹത്തോട്‌ സ്വന്തം നാട്ടിൽ വ്യവസായം തുടങ്ങുന്നതിനെക്കുറിച്ച്‌ സൂചിപ്പിച്ചു. താൽപ്പര്യം പ്രകടിപ്പിച്ച കന്പനി ഇൻവെസ്‌റ്റ്‌ കേരള സമ്മിറ്റിൽ പങ്കെടുത്ത്‌ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി താൽപ്പര്യപത്രത്തിൽ ഒപ്പിട്ടു. മറ്റിടങ്ങളിൽ ഭൂമി ലഭ്യമായിരുന്ന കന്പനിക്ക്‌, പെരുന്പാവൂരിലെ ഭൂമി നിർദേശിച്ചത്‌ പി രാജീവാണ്‌.


റയോൺസ്‌ പോലെ വന്പൻ വ്യവസായശാല അവിടെ പ്രവർത്തിച്ചിരുന്ന കാര്യവും അത്‌ പൂട്ടിപ്പോയശേഷം നഷ്ടപ്രതാപത്തിന്റെ സ്‌മരണയിലാണ്‌ ആ നാടെന്നും മന്ത്രി സൂചിപ്പിച്ചു.

കിൻഫ്ര ഏറ്റെടുത്ത ഭൂമി പരിശോധിച്ച കന്പനി താൽപ്പര്യം പ്രകടിപ്പിച്ചതോടെ അതിവേഗം നടപടികൾ പൂർത്തിയാക്കി 30 ഏക്കർ കൈമാറി. കഴിഞ്ഞ സെപ്‌തംബറിലായിരുന്നു കൈമാറ്റം. നാലുമാസത്തിനകം കെയ്‌ൻസ്‌ ഒന്നാംഘട്ട ഉൽപ്പാദന യൂണിറ്റ്‌ പ്രവർത്തനസജ്ജമാക്കി. അവിടെ ഉൽപ്പാദിപ്പിച്ച ആദ്യ കംപ്യൂട്ടറും ഉദ്‌ഘാടനച്ചടങ്ങിൽ പുറത്തിറക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home