പെരുമ്പാവൂര്‍ കിന്‍ഫ്രയില്‍ കെയ്ന്‍സ് ടെക്നോളജീസ് ഉദ്ഘാടനം ഇന്ന്
റയോൺസ് ഭൂമിയിൽ വ്യവസായം തിരികെയെത്തുന്നു

കളമശേരി
പെരുമ്പാവൂർ ചേലാമറ്റത്ത് ട്രാവൻകൂർ റയോൺസ് ഭൂമിയിൽ കാൽനൂറ്റാണ്ടിനുശേഷം വീണ്ടും വ്യവസായമെത്തുന്നു. പ്രമുഖ ഇലക്ട്രോണിക്‌സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിങ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ൻസ് ടെക്‌നോളജിയുടെ സംസ്ഥാനത്തെ ആദ്യ ഉല്‍പ്പാദന യൂണിറ്റ് ബുധൻ വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായമന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റയോൺസ് ഭൂമി സർക്കാർ ഏറ്റെടുത്തശേഷം കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിച്ചു. ഇവിടെയാണ് കെയ്ൻസ് ഉല്‍പ്പാദന യൂണിറ്റിന്റെ ആദ്യഘട്ടം, ആല്‍ഫ ബില്‍ഡിങ് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കും. എഐ കാമറ നിര്‍മാണവുമായി ബന്ധപ്പെട്ട് കെല്‍ട്രോണും കെയ്ൻസ് ടെക്നോളജിയും ധാരണപത്രം ഒപ്പുവയ്ക്കും.
2001 മുതൽ അടഞ്ഞുകിടക്കുന്ന റയോൺസിന്റെ ഭൂമി ഉപയോഗിക്കുന്നതിന് മറ്റു പല നിർദേശങ്ങളും ഉയർന്നെങ്കിലും ഇലക്ട്രോണിക്സ് വ്യവസായ പാര്‍ക്ക് വികസിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. 2025 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഉണ്ടായ നിക്ഷേപ വാഗ്ദാനമാണ് ഇപ്പോൾ യാഥാര്‍ഥ്യമാകുന്നത്. കഴിഞ്ഞ സെപ്‌തംബറിൽ കെയ്ന്‍സിന് വിട്ടുനല്‍കിയ 28 ഏക്കറിൽ നിലവിലുണ്ടായിരുന്ന 15,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നവീകരിച്ചാണ് ആദ്യഘട്ട ഉല്‍പ്പാദന യൂണിറ്റ് തുറക്കുന്നത്. 80,000 ചതുരശ്രയടി വിസ്തീര്‍ണം വരുന്ന ബീറ്റ ബില്‍ഡിങ്ങിനാണ് ഇതോടൊപ്പം തറക്കല്ലിടുന്നത്. തുടര്‍ന്ന്, 80,000 ചതുരശ്രയടി വരുന്ന ഗാമ, ഒരുലക്ഷം ചതുരശ്രയടി വരുന്ന ഡെല്‍റ്റ എന്നീ സമുച്ചയങ്ങള്‍കൂടി കെയ്ന്‍സിന്റെ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ആകെ 350 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ പ്രവര്‍ത്തനസജ്ജമായ യൂണിറ്റില്‍ 100 പേര്‍ക്ക് തൊഴിലവസരമാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ ബീറ്റ, ഗാമ, ഡെല്‍റ്റ യൂണിറ്റുകള്‍കൂടി പൂര്‍ത്തിയാകുകയും ഓരോന്നിലും 500 വീതം തൊഴിലവസരങ്ങള്‍കൂടി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ആഗോളതലത്തില്‍ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ രൂപകൽപ്പനചെയ്ത് നിർമിക്കുന്ന, മൈസൂരു ആസ്ഥാനമായ കെയ്ന്‍സിന് കേരളത്തിനു പുറത്ത് എട്ട് ഉൽപ്പാദന യൂണിറ്റുകളാണുള്ളത്. കേരളത്തിൽ കൊച്ചിയിൽ പ്രവര്‍ത്തിക്കുന്ന സർനീസ് സെന്റർ മാത്രമായിരുന്നു ഇതുവരെയുള്ള സാന്നിധ്യം.
കേരളത്തിന്റെ വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ കെയ്‌ൻസ് ടെക്‌നോളജിയുടെ പെരുമ്പാവൂരിലെ ഉല്‍പ്പാദന യൂണിറ്റ് നിർണായക പങ്കുവഹിക്കുമെന്ന് വ്യവസായസിമന്ത്രി പി രാജീവ് പറഞ്ഞു.










0 comments