കർക്കടകവാവ്
ആലുവ മണപ്പുറത്ത് ബലിതർപ്പണം തുടങ്ങി

കർക്കടക ബലിതർപ്പണത്തിന് ഒരുങ്ങിയ ആലുവ മണപ്പുറം
ആലുവ
പിതൃസ്‌മരണയിൽ ബുധനാഴ്‌ച ആലുവ മണപ്പുറത്ത് കർക്കടകവാവ് ബലിതർപ്പണം. പെരിയാറിൻ തീരത്തെ മണപ്പുറത്ത് ബുധൻ പുലർച്ചെ രണ്ടുമുതൽ ബലിതർപ്പണം ആരംഭിച്ചു. ആയിരങ്ങൾ എത്തുന്ന ബലിതർപ്പണം പകൽ മൂന്നുവരെ തുടരും. മണപ്പുറത്തെ ശിവക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി കാർമികത്വം വഹിക്കും. 38 ബലിത്തറകളാണ് ഒരുക്കിയിട്ടുള്ളത്. എട്ട് വ്യാപാര സ്റ്റാളുകളും ലേലം ചെയ്ത് നൽകിയിട്ടുണ്ട്. വഴിപാട് കൗണ്ടറുകളിൽ ഇത്തവണ അടയ്‌ക്ക് പകരം മൂന്നുതരം പായസം വിതരണം ചെയ്യും.
പെരിയാറിൽ വെള്ളം ഉയരാത്തതിനാൽ പുഴയില്‍ത്തന്നെ തര്‍പ്പണം നടത്തുവാന്‍ കഴിയും. ആലുവ നഗരത്തിലും സമീപപ്രദേശങ്ങളിലും ബുധൻ പകൽ രണ്ടുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രദർശനത്തിനായി ബാരിക്കേഡ് ഉപയോഗിച്ച് തിരിച്ച് നടപ്പന്തലും ഒരുക്കിയിട്ടുണ്ട്. സുരക്ഷക്കായി ആലുവയിൽ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 450 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി മണപ്പുറത്തേക്ക് പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോയും പ്രത്യേക സർവീസ് നടത്തുന്നുണ്ട്. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലെ ബലിതര്‍പ്പണത്തിന് ആശ്രമം സെക്രട്ടറി സ്വാമി ധര്‍മചൈതന്യ നേതൃത്വം നല്‍കും.










0 comments