കാലടി സംസ്‌കൃത സർവകലാശാല ; വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു

കൊച്ചി
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ മൈതാനത്തെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി സിൻഡിക്കറ്റ് അംഗം കെ എസ് അരുൺകുമാർ പ്രസ്‌താവനയിൽ അറിയിച്ചു. മറുനാടൻ മലയാളി യുട്യൂബ് ചാനല്‍, വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ, സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ സെക്രട്ടറി ആർ എസ് ശശികുമാര്‍ എന്നിവര്‍ക്കെതിരെ അഡ്വ. ജി ജനാർദനക്കുറുപ്പ് ആന്‍ഡ് അസോസിയറ്റ്സ് മുഖേനയാണ് നിയമനടപടി സ്വീകരിച്ചത്.
നിലവിലെ മൈതാനം ക്രിക്കറ്റ് സ്റ്റേഡിയമായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് രണ്ടുവർഷമായി സർവകലാശാലയുടെ മുന്നിൽ ഒരു വികസന പ്രൊപ്പോസലുണ്ടായിരുന്നു. മൈതാനം കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റ് സ്റ്റേഡിയമായി പുനർനിർമിക്കുകയും സ്റ്റേഡിയത്തിന്റെ ഉപയോഗ അവകാശം നിശ്ചയിക്കാൻ ഏഴംഗ കമ്മിറ്റിയെ (നാലുപേർ സര്‍വകലാശാല പ്രതിനിധിയും മൂന്നുപേർ കെസിഎ പ്രതിനിധിയും) നിശ്ചയിക്കുന്നതുമായിരുന്നു പ്രൊപ്പോസൽ. അന്താരാഷ്ട്ര ഫുട്ബോൾ സ്റ്റേഡിയവും അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്കും സ്പോർട്സ് ഹോസ്റ്റലും കേരള ക്രിക്കറ്റ് അസോസിയേഷൻ ചെലവിൽ നിർമിച്ച് കൈമാറുമെന്നതും വ്യവസ്ഥകളിൽ ഒന്നാണ്.
സർവകലാശാലയുടെ ഒരുതുണ്ട് ഭൂമിപോലും വിൽക്കുകയോ കൈമാറുകയോ പണയം വയ്ക്കുകയോ പാട്ടത്തിന് കൊടുക്കുകയോ ചെയ്യുന്നില്ല. മറിച്ച് യൂണിവേഴ്സിറ്റിയുടെ സ്ഥലത്ത് പണിയുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉപയോഗ അവകാശം മാത്രമാണ് കമ്മിറ്റി തീരുമാനത്തിന് വിധേയമായി നിശ്ചയിക്കുന്നത്.
ക്രിക്കറ്റ്, ഫുട്ബോൾ, സിന്തറ്റിക് സ്റ്റേഡിയം എന്ന പ്രൊപ്പോസലുമായി മുന്നോട്ടുപോകാനും ബന്ധപ്പെട്ടവരുമായി കൂടുതൽ ചർച്ച നടത്താനുമാണ് സർവകലാശാല സിൻഡിക്കറ്റ് തീരുമാനിച്ചത്. സത്യം ഇതായിരിക്കെ "സേവ് യൂണിവേഴ്സിറ്റി ഫോറം’ എന്ന പേരിൽ വ്യാജവാർത്തകൾ നിരന്തരമായി പ്രചരിപ്പിക്കുകയാണ്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഫോറം സെക്രട്ടറി എന്ന് അവകാശപ്പെടുന്ന ആർ എസ് ശശികുമാറും ഇതിന് നേതൃത്വം കൊടുക്കുന്നു. സർവകലാശാല സിൻഡിക്കറ്റ് എടുത്ത കൂട്ടായ തീരുമാനത്തെ ചില വ്യക്തികളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങൾ ഇതോടൊപ്പം നടക്കുകയാണെന്നും അരുൺകുമാർ പറഞ്ഞു.










0 comments