ad
Deshabhimani

കാലടി സംസ്‌കൃത സർവകലാശാല ; പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

kalady Sanskrit University
വെബ് ഡെസ്ക്

Published on Jul 08, 2025, 12:15 AM | 1 min read


കാലടി

സംസ്കൃത സർവകലാശാല കാലടി മുഖ്യക്യാമ്പസിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചെറിയ മാറ്റങ്ങളോടെ നടപ്പാക്കാൻ സിൻഡിക്കറ്റ്‌ തീരുമാനം. നിയന്ത്രണങ്ങൾ തിങ്കൾമുതൽ പ്രാബല്യത്തിലായി. സമരം നടത്തുന്ന വിദ്യാർഥികളുമായി നടത്തിയ ചർച്ചയ്‌ക്കുശേഷമാണ്‌ 12 നിയന്ത്രണങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയത്‌. സിൻഡിക്കറ്റ് അംഗം ഡോ. വി ലിസി മാത്യു കൺവീനറായി ഹോസ്റ്റൽ മോണിട്ടറിങ് കമ്മിറ്റിയും സിൻഡിക്കറ്റ് അംഗം ഡോ. എം സത്യൻ കൺവീനറായി അച്ചടക്ക കമ്മിറ്റിയും രൂപീകരിച്ചതായും സിൻഡിക്കറ്റ്‌ അംഗങ്ങൾ അറിയിച്ചു.


തിയറ്റർ, ഡാൻസ്, ഫൈൻ ആർട്സ്, ജ്യോഗ്രഫി വിഭാഗങ്ങളിലുള്ളവർക്ക്‌ വകുപ്പ് മേധാവിയുടെ ഉത്തരവാദിത്വത്തിൽ അതത് വകുപ്പിലെ അധ്യാപകന്റെ സാന്നിധ്യത്തിൽ വൈകിട്ട് അഞ്ചിനുശേഷം ക്ലാസ്‌മുറികൾ ഉപയോഗിക്കാം. യുജി വിദ്യാർഥികൾ രാത്രി 7.30നും പിജി വിദ്യാർഥികൾ 9.30നും ഗവേഷണവിദ്യാർഥികൾ 11നും ഹോസ്റ്റലിൽ പ്രവേശിക്കണം. ലൈബ്രറിയോടനുബന്ധിച്ചുള്ള റീഡിങ് റൂം രാത്രി 11ന് അടയ്‌ക്കും. എല്ലാ ഹോസ്റ്റലുകളിലും റീഡിങ് റൂമുകൾ ആരംഭിക്കും. രാത്രി 7.30ന് സർവകലാശാല ഗേറ്റ് അടയ്ക്കും. ഇളവുകളുള്ളവർക്കുമാത്രമാണ്‌ പിന്നീട് പുറത്തുപോകാനാവുക. 11ന് ഗേറ്റ് പൂ‍ർണമായി അടയ്ക്കും.


പഠനം പൂർത്തിയാക്കിയിട്ടും ഹോസ്റ്റലുകളിൽ തുടരുന്നവർ ഏഴുദിവസത്തിനകം ഒഴിയണം. ഗസ്റ്റായി താമസിക്കുന്ന പിഎച്ച്ഡി വിദ്യാർഥികൾക്ക് ദിവസം 100 രൂപ വാടകയിൽ മാസത്തിൽ ഏഴുദിവസംവീതം മൂന്നുമാസം താമസിക്കാം. പാർട്ട്ടൈം ജോലിക്കാർക്ക്‌ സ്ഥാപന ഉടമ, വകുപ്പ് മേധാവി എന്നിവരുടെ സർട്ടിഫിക്കറ്റ്‌ പ്രകാരം ഹോസ്റ്റൽ പ്രവേശനത്തിൽ ഇളവുണ്ടാകും. ക്യാമ്പസിനുള്ളിൽ അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങളും ഔദ്യോഗികവാഹനങ്ങളുംമാത്രമേ അനുവദിക്കൂ.


വിദ്യാർഥികളുടേത്‌ ക്യാമ്പസിന് പുറത്ത്‌ പാർക്കിങ്ങിൽ സൂക്ഷിക്കണം. ഗേറ്റുകൾക്ക് ഉയരം കൂട്ടി എല്ലാ കവാടത്തിലും സെക്യൂരിറ്റി ക്യാബിൻ നിർമിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചു.

വൈസ് ചാൻസലർ പ്രൊഫ. കെ കെ ഗീതാകുമാരി, സിൻഡിക്കറ്റ് അംഗങ്ങളായ കെ എസ് അരുൺകുമാ‍ർ, ആ‍ർ അജയൻ, ഡോ. ബി അശോക്, ഡോ. മാത്യൂസ് ടി തെള്ളി, ഡോ. ടി മിനി, ഡോ. എം സത്യൻ, ഡോ. പി വി ഓമന, ഡോ. വി ലിസി മാത്യു, രജിസ്ട്രാർ ഡോ. മോത്തി ജോർജ് എന്നിവർ സിൻഡിക്കറ്റ് യോഗത്തിലും വാർത്താസമ്മേളനത്തിലും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home