ഗതാഗതക്കുരുക്ക് രൂക്ഷം ; കാലടി പാലത്തിലെ യാത്ര ബഹിഷ്കരിച്ച് സ്വകാര്യ ബസുകൾ

കാലടി
അശാസ്ത്രീയ ബസ് ടെർമിനൽ നിർമാണത്തിന്റെ പേരിൽ കാലടി ബസ് സ്റ്റാൻഡ് അടച്ചുപൂട്ടിയതിനെതിരെയും കാലടി പാലത്തിലെ ഗതാഗതക്കുരുക്കിനെതിരെയും സ്വകാര്യ ബസുകളുടെ പ്രതിഷേധം. പാലത്തിലൂടെയുള്ള യാത്ര ബഹിഷ്കരിച്ചു. എൺപതിലധികം ബസുകൾ പെരുമ്പാവൂരിൽനിന്ന് താന്നിപ്പുഴവരെയും അങ്കമാലിയിൽനിന്ന് കാലടി ബസ് സ്റ്റാൻഡിന് മുന്നിൽവരെയുമാണ് ശനിയാഴ്ച സർവീസ് നടത്തിയത്.
കനത്ത മഴയിൽ പാലത്തിലെ ടാർ ഒലിച്ച് കുഴികൾ രൂപപ്പെട്ട് പട്ടണം കനത്ത ഗതാഗതക്കുരുക്കിലാണ്. യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്തോ പാലത്തിന്റെ അവകാശം പറയുന്ന പെരുമ്പാവൂർ, ആലുവ, അങ്കമാലി എംഎൽഎമാരോ ഇടപെടൽ നടത്തിയിട്ടില്ല. വെള്ളിയാഴ്ചമുതൽ ഗൂഗിൾ മാപ്പിൽ കാലടി പാലം താൽക്കാലികമായി അടച്ചതായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ദൂരെനിന്ന് വരുന്ന വാഹനങ്ങൾ മറ്റുവഴികളിലൂടെയാണ് പോയത്. ഇതോടെ വാഹനങ്ങളുടെ എണ്ണത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും പതിവുള്ള കുരുക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ടൗണിൽ ഒരു ട്രാഫിക് വാർഡൻ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ആറ് വാർഡൻമാരെ നിയോഗിക്കുമെന്ന് ട്രാഫിക് കമ്മിറ്റി യോഗത്തിൽ എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചെങ്കിലും നടപ്പായില്ല.
അങ്കമാലി–കാലടി മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ബസ് ഉടമകളും ജീവനക്കാരും പാലത്തിലൂടെ പ്രകടനമായി എത്തി പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. വരുംദിവസങ്ങളിൽ കാലടി-–-പെരുമ്പാവൂർ റൂട്ടിലെ എല്ലാ ബസുകളും സർവീസ് നിർത്തിവയ്ക്കുമെന്ന് ബസുടമ തൊഴിലാളി സംയുക്തസമിതി നേതാക്കൾ അറിയിച്ചു. ബസുടമ അസോസിയേഷൻ അങ്കമാലി മേഖലാ പ്രസിഡന്റ് എ പി ജിബി അധ്യക്ഷനായി. സെക്രട്ടറി ബി ഒ ഡേവിസ്, നവീൻ ജോൺ, പി ബി ഗോപകുമാർ, ജിജോ ജോണി, ജെർമിയാസ് വിക്ടർ, കെ പി പോളി, പി ടി ഡേവിസ്, എ സനീഷ്, വി സുധീഷ് എന്നിവർ സംസാരിച്ചു.










0 comments