പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ; വിദ്യാർഥികൾ ഗവർണറുമായി സംവദിച്ചു

കൊച്ചി
എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിച്ച മഹത്‌വ്യക്തികളുമായി അഭിമുഖം പരിപാടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്‌ഘാടനം ചെയ്‌തു. 50 കോളേജുകളിൽനിന്നായി അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തു. മികച്ച ചോദ്യകർത്താക്കളായി തെരഞ്ഞെടുത്ത കുസാറ്റിലെ നന്ദകുമാർ, എറണാകുളം ലോ കോളേജിലെ തരുൺ, എറണാകുളം സെന്റ് ജോസഫ്സ് ടീച്ചർ എഡ്യുക്കേഷൻ കോളേജിലെ ആൻ മരിയ ജോൺ എന്നിവർക്ക് ഗവർണർ സമ്മാനങ്ങൾ നൽകി. പങ്കെടുത്ത എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകി.
‘വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം' പദ്ധതിയുടെ ഭാഗമായി 5,000 ഫലവൃക്ഷം, 25,000 വേപ്പിൻതൈ എന്നിവയുടെ വിതരണവും ഗവർണർ നിർവഹിച്ചു. പ്രൊഫ. കെ വി തോമസ് അധ്യക്ഷനായി. ജേക്കബ് ജോർജ് മോഡറേറ്ററായി. സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ് സ്വാഗതവും ഡോ. അനുപ ജേക്കബ് നന്ദിയും പറഞ്ഞു.
രാവിലെ ഫോർട്ട് കൊച്ചി ഫാത്തിമ ഗേൾസ് സ്കൂളിൽ ഫലവൃക്ഷങ്ങൾ നട്ട് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ്‌കുമാർ പദ്ധതിയുടെ അഞ്ചാംഘട്ടം ഉദ്ഘാടനം ചെയ്തു. കെ വി തോമസ് അധ്യക്ഷനായി. കെ ജെ മാക്‌സി എംഎൽഎ, വി ടി സിജി തുടങ്ങിയവർ സംസാരിച്ചു.










0 comments