എൽഡിഎഫ് പൊതുയോഗത്തിനിടെ സദസ്സിൽ കുഴഞ്ഞുവീണയാൾക്ക് രക്ഷകനായി ഡോ. ജോ ജോസഫ്

കൊച്ചി
കലൂർ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ കുഴഞ്ഞുവീണ യുവാവിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് ഹൃദ്‌രോഗചികിത്സാവിദഗ്‌ധൻ ഡോ. ജോ ജോസഫ്. പത്തനംതിട്ട സ്വദേശി സജിയെ പിന്നീട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രി പ്രസംഗിക്കുന്പോൾ ഡോ. ജോ ജോസഫ് വേദിയിലുണ്ടായിരുന്നു. ഇതിനിടെ, സദസ്സിന്റെ പുറകിൽനിന്ന് ഒരാളെ കസേരയിൽ ഇരുത്തി ചുമന്ന് വേദിയുടെ പിന്നിലേക്കു കൊണ്ടുവരുന്നത് കണ്ട് ഡോക്ടർ അവിടേക്ക് എത്തി. രോഗി കുഴഞ്ഞുവീണതാണെന്നും ബോധരഹിതനാണെന്നും മനസ്സിലാക്കിയ ഉടൻ ജോ ജോസഫ് സിപിആർ നൽകി. മൂന്നുതവണ സിപിആർ ആവർത്തിച്ചപ്പോൾ രോഗി സ്വയം ശ്വസിക്കാൻ തുടങ്ങി.
തുടർന്ന്, മുഖ്യമന്ത്രിയുടെ അകന്പടിയായി എത്തിയ ആംബുലൻസിൽ ഡോ. ജോ തന്നെ രോഗിയെ ലിസി ആശുപത്രിയിലെത്തിച്ചു. ജോലി ആവശ്യത്തിനായി പത്തനംതിട്ടയിൽനിന്ന് എത്തിയതാണ് സജി. ബോധം വീണ സജി പറഞ്ഞതുപ്രകാരം എറണാകുളത്തുള്ള സുഹൃത്തിനെയും അതുവഴി കുടുംബാംഗങ്ങളെയും വിവരമറിയിച്ചു. അപകടഘട്ടം തരണംചെയ്‌തെന്ന് ഉറപ്പാക്കിയാണ് ഡോ. ജോ, വേദിയിൽ മടങ്ങിയെത്തിയത്.










0 comments