വിദേശജോലി വാഗ്‌ദാനംചെയ്ത്‌ തട്ടിപ്പ്‌ : പ്രതി പിടിയിൽ ; പണം ചെലവിട്ടത് സിനിമാനിര്‍മാണത്തിന്

job scam
വെബ് ഡെസ്ക്

Published on Jul 30, 2025, 03:48 AM | 1 min read


കൊച്ചി

വിദേശത്ത്‌ ജോലി വാഗ്‌ദാനംചെയ്ത്‌ പലരിൽനിന്നുമായി 1.30 കോടി രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. മാവേലിക്കര കുന്നം കിണറ്റിൻകര ഡി ഷെല്ലി (49)യെയാണ്‌ സൗത്ത്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. എറണാകുളം പള്ളിമുക്കിലുള്ള ജൂപ്പിറ്റർ ട്രാവൽസ്‌ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷെല്ലി. തട്ടിപ്പിൽ പങ്കാളിയായ മറ്റൊരു ജീവനക്കാരൻ ബിജു തോമസ്‌ ഒളിവിലാണ്‌. ഹംഗറി–-74, ഇറ്റലി–-25, നെതർലാൻഡ്‌–11, കൊറേഷ്യ, സ്വീഡൻ–-മൂന്ന്‌, ഇസ്രയേൽ–-12 എന്നിങ്ങനെ 125 പേരിൽനിന്നാണ്‌ പണംതട്ടിയത്‌.


തട്ടിപ്പ്‌ നടത്തി സമ്പാദിച്ച പണം സിനിമാനിർമാണത്തിനും ചീട്ടുകളിക്കാനും വിനോദത്തിനും രണ്ട്‌ ആഡംബര കാറുകൾ വാങ്ങാനും ചെലവിട്ടുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇതേ സ്ഥാപനം ദുബായിലേക്ക്‌ ടാക്‌സി ഡ്രൈവർ ജോലിക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, മധുര എന്നിവിടങ്ങളിൽനിന്ന്‌ 70 പേരെ അയച്ചിരുന്നു. 1,60,000 രൂപയാണ്‌ ഓരോരുത്തരിൽനിന്നും വാങ്ങിയത്‌. ഇവരിൽ പലരും മടങ്ങിവരേണ്ട സ്ഥിതിയിലാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home