കലൂർ സ്‌റ്റേഡിയം അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് സജ്ജം : കെ ചന്ദ്രൻപിള്ള

കൊച്ചി
കലൂർ ജവാഹർലാൽ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയം അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് സജ്ജമാണെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നായി ഇത് മാറി. ആധുനിക പിച്ച്, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരമുള്ള സംവിധാനങ്ങൾ എന്നിവയോടെ ഏത് വലിയ ദേശീയ–അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തെയും കൊച്ചിയിലേക്ക് ആകർഷിക്കാൻ സ്റ്റേഡിയത്തിന് ശേഷിയുണ്ട്.
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഒന്പത് മത്സരങ്ങൾ ഇവിടെ നടക്കും. മത്സരങ്ങൾ നടക്കുമെന്ന് ഉറപ്പിക്കാൻ ഇത്തവണത്തേക്ക് സ്‌റ്റേഡിയത്തിന്റെ വാടക കുറച്ചിട്ടുണ്ട്. 8.4 ലക്ഷം രൂപയായിരുന്ന വാടക ഇത്തവണത്തേക്കുമാത്രം രണ്ടുലക്ഷമാക്കി കുറച്ചു. ഫീൽഡ് ഓഫ് പ്ലേയിലെ ടർഫ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ചു. പിച്ച് മെയിന്റനൻസ് നിലവിൽ ജിസിഡിഎ നേരിട്ടാണ് നിർവഹിക്കുന്നത്.
സ്റ്റേഡിയത്തിന്റെ ലോവർ ടയറിലെ എല്ലാ കസേരകളും മാറ്റി പുതിയത് സ്ഥാപിച്ചു. വിഐപി ഏരിയയിൽ പ്രത്യേകമായി പുതിയ എച്ച്‌ഡിപിഇ കസേരകൾ സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിലെ 48 ടോയ്‌ലറ്റ് ബ്ലോക്കുകളിൽ മെഡിക്കൽ റൂം, ഹോം ടീം റൂം, എവേ ടീം റൂം, ഒന്നാംനിലയിലെ വിഐപി ലേഡീസ് ടോയ്‌ലറ്റ്, രണ്ടാംനിലയിലെ വിവിഐപി (ലേഡീസ് ആൻഡ് ജെന്റ്‌സ്) ടോയ്‌ലറ്റ് ബ്ലോക്കുകൾ എന്നിവയിൽ ടൈലിങ്, സാനിറ്ററി ഫിറ്റിങ് പ്രവൃത്തികൾ പൂർത്തിയാക്കി. റൂംനമ്പർ നാലിനുസമീപത്തെ ടോയ്‌ലറ്റും ഒന്നാംനിലയിലെ വിഐപി ടോയ്‌ലറ്റും നവീകരിച്ചു.
അതിർത്തിയുമായി ബന്ധപ്പെട്ട തർക്കങ്ങളും കോടതി വ്യവഹാരങ്ങളും ഉണ്ടായിരുന്നെങ്കിലും 770 മീറ്റർ നീളത്തിൽ പുറം ചുറ്റുമതിലും 510 മീറ്റർ നീളത്തിൽ ഉൾമതിലുകളും നിർമിച്ചു. ഉൾമതിലുകളുടെ മുകളിൽ 60 സെന്റീമീറ്റർ ഉയരത്തിൽ ഗ്രിൽ സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിലെ ഡ്രൈനേജ് ലൈനുകൾ ശുചീകരിച്ചു. പ്രവേശന പാതയ്ക്കരികിലെ മരങ്ങൾക്ക് സംരക്ഷണവും ജനങ്ങൾക്ക് വിശ്രമസൗകര്യവും ഒരുക്കുന്നതിനായി 35 ട്രീ ഗാർഡുകൾ സ്ഥാപിച്ചു. മെട്രോ സ്റ്റേഷനുസമീപമുള്ള പ്രധാന പ്രവേശന കവാടത്തിന്റെ നിർമാണം പൂർത്തിയാക്കി. സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലിറ്റ് ടവറുകളുടെ സ്റ്റീൽ ഫ്രെയിമുകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നത് 22നുമുമ്പ് പൂർത്തിയാക്കുമെന്നും കെ ചന്ദ്രൻപിള്ള പറഞ്ഞു.










0 comments