ad
Deshabhimani

നാലുപേർക്ക്‌ പുതുജീവനേകി മടക്കം

ജാസ്‌ലിയക്ക്‌ 
കണ്ണീരോടെ വിട

jaslia organ donation

ജാസ്‌ലിയയുടെ മൃതദേഹം സംസ്‌കാരത്തിനായി എടവനക്കാട്ടെ വീട്ടിൽനിന്ന്‌ എടുക്കുന്പോൾ പൊട്ടിക്കരയുന്ന സഹോദരൻ ജാസിൻ, അമ്മ ലിമ, അച്ഛൻ ജോൺസൺ എന്നിവർ

വെബ് ഡെസ്ക്

Published on Mar 05, 2026, 02:15 AM | 1 min read

വൈപ്പിൻ/ അങ്കമാലി

നാലുപേർക്ക് പുതുജീവനേകി വിടപറയുന്ന ജാസ്‌ലിയക്ക്‌ കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ച്‌ നാട്‌. എടവനക്കാട്ട്‌ കളത്തിപ്പറമ്പിൽ വീട്ടിലേക്ക്‌ മൃതദേഹമെത്തിച്ചപ്പോൾ കൂടിനിന്നവർക്കൊന്നും കണ്ണീരടക്കാനായില്ല. പൊട്ടിക്കരഞ്ഞ ജാസ്‌ലിയയുടെ അമ്മ ലിമയെയും സഹോദരൻ ജാസിനെയും അച്ഛൻ ജോൺസണെയും സമാധാനിപ്പിക്കാൻ ബന്ധുക്കൾ പാടുപെട്ടു. അങ്കമാലി മോണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായ ജാസ്‌ലിയ ജോൺസന്റെ മൃതദേഹം ബുധൻ രാവിലെ കോളേജിലെ പൊതുദർശനത്തിനുശേഷമാണ്‌ വീട്ടിലെത്തിച്ചത്‌. ക്യാമ്പസിൽ അന്ത്യാഞ്‌ജലിയർപ്പിക്കാനെത്തിയ കൂട്ടുകാരും അധ്യാപകരും സങ്കടംകൊണ്ട്‌ വിതുമ്പി.


പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയയെ ഫെബ്രുവരി 28ന്‌ ജോലി കഴിഞ്ഞ്‌ മടങ്ങുമ്പോൾ അങ്കമാലി ടെൽക്‌ ജങ്ഷനിൽവച്ച്‌ കാർ ഇടിക്കുകയായിരുന്നു. ചൊവ്വ രാവിലെ മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ ജാസ്‌ലിയയുടെ കരൾ, വൃക്ക, നേത്രപടലം എന്നീ അവയവങ്ങൾ ദാനം ചെയ്തിരുന്നു. കുഴുപ്പിള്ളി സെന്റ്‌ അഗസ്‌റ്റിൻസ്‌ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, വൈപ്പിൻ ഏരിയ സെക്രട്ടറി എ പി പ്രിനിൽ, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, റോജി എം ജോൺ, വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ.കെ കെ ജോഷി, എടവനക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എ സാജിത്ത്‌, എം ബി ഷൈനി, അങ്കമാലി നഗരസഭാ അധ്യക്ഷ റീത്ത പോൾ, വൈസ് ചെയർപേഴ്സൺ വിൽസൺ മുണ്ടാടൻ, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ്‌ ജെസി ജോർജ്, വൈസ്‌ പ്രസിഡന്റ്‌ സി വൈ ശാബോർ, കൗൺസിലർ സാജി ജോസഫ്, കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ഷെമി ജോർജ് തുടങ്ങിയവർ വീട്ടിലും കോളേജിലുമായി അന്ത്യോപചാരമർപ്പിച്ചു.


കരൾ സ്വീകരിച്ച രോഗി സുഖം പ്രാപിക്കുന്നു

ജാസ്‌ലിയയുടെ കരൾ സ്വീകരിച്ച മലപ്പുറം വളവന്നൂർ സ്വദേശിനിയായ അറുപതുകാരി സുഖം പ്രാപിച്ചുവരുന്നതായി രാജഗിരി ആശുപത്രി അധികൃതർ അറിയിച്ചു.


ബന്ധുവിൽനിന്ന്‌ കരൾ സ്വീകരിക്കാൻ തയ്യാറായി ചികിത്സയ്‌ക്കെത്തിയ ഇവർക്ക് കരൾ ലഭിക്കാതെവന്നതോടെ ജാസ്‌ലിയ പുതുജീവനാവുകയായിരുന്നു. അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. രോഗി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ജാസ്‌ലിയയെ ഇടിച്ചശേഷം നിർത്താതെപോയ കാർ അങ്കമാലി പൊലീസ് ചൊവ്വാഴ്ച പിടിച്ചെടുത്തിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home