ദീപ്ത നക്ഷത്രമായി ജാസ്‌ലിയ; നാലുപേർക്ക് ജീവനേകി

ആലുവ/അങ്കമാലി
ദീപ്ത സ്‌നേഹത്തിന്റെ പ്രതീകമായി നാലുപേർക്ക് പുതുജീവനേകി എടവനക്കാട് സ്വദേശിനി ജാസ്‌ലിയ ജോൺസൺ (19) വിടവാങ്ങി. തീരാനോവിനിടയിലും ജാസ്‌ലിയയുടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധതയറിയിച്ച് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി. കാറിടിച്ച് പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജാസ്‌ലിയയുടെ മസ്‌തിഷ്‌കമരണം ചൊവ്വ പുലർച്ചെ 6.38നാണ് സ്‌ഥിരീകരിച്ചത്.
ജാസ്‌ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്കും കൈമാറും.
അങ്കമാലി മോണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ, ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് മടങ്ങുന്പോൾ അങ്കമാലി ടെൽക് ജങ്‌ഷനിൽവച്ച് കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റു. പട്രോളിങ് പൊലീസാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്ക് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ജാസ്‌ലിയയെ രക്ഷിക്കാനായില്ല.
ജാസ്‌ലിയയുടെ അച്ഛൻ കളത്തിപറന്പിൽ ജോൺസണ്‍, അമ്മ ലിമ എന്നിവരുടെ സമ്മതത്തോടെ, സർക്കാർ സംവിധാനമായ കേരള സ്റ്റേറ്റ് ഓര്‍ഗണ്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ-്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ- സോട്ടോ) ആണ് അവയവദാന പ്രക്രിയ ഏകോപിപ്പിച്ചത്. സഹോദരൻ: ജാസിൻ.
ജാസ്‌ലിയയ്‌ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ആദരാഞ്ജലി അർപ്പിച്ചു. തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ മാതാപിതാക്കൾക്ക് മന്ത്രി നന്ദി അറിയിച്ചു. ജാസ്‌ലിയയുടെ മൃതദേഹം ബുധൻ രാവിലെ എട്ടിന് കോളേജിൽ പൊതുദർശനത്തിനു വയ്‌ക്കും. സംസ്‌കാരം ബുധൻ പകൽ 3ന് കുഴുപ്പിള്ളി സെന്റ് അഗസ്‌റ്റിൻസ് പള്ളി സെമിത്തേരിയിൽ. കോളേജിന് ബുധനാഴ്‌ചയും അവധിയായിരിക്കും. മരണവിവരമറിഞ്ഞ് ചൊവ്വാഴ്‌ചയും അവധി നൽകിയിരുന്നു.










0 comments