ad
Deshabhimani

കൊച്ചിയിൽനിന്ന്‌ ഇന്ന്‌ പുറപ്പെടും

ഉലകസഞ്ചാരത്തിന്‌ ഒരുങ്ങി ഐഎൻഎസ്‌ സുദർശിനി

INS sudarshini
വെബ് ഡെസ്ക്

Published on Jan 20, 2026, 02:45 AM | 1 min read


കൊച്ചി

പത്തുമാസം നീളുന്ന ഉലകസഞ്ചാരത്തിനായി ഇന്ത്യൻ നാവികസേനയുടെ പരിശീലന പായ്‌ക്കപ്പൽ ഐഎൻഎസ്‌ സുദർശിനി ചൊവ്വാഴ്‌ച കൊച്ചി തീരത്തുനിന്ന്‌ യാത്രയാകും. 22,000 നോട്ടിക്കൽ മൈൽ ദൈർഘ്യമുള്ള യാത്രയിൽ അമേരിക്കയും ഫ്രാൻസും ഉൾപ്പെടെ 13 ലോകരാജ്യങ്ങളും ഇരുപതോളം തുറമുഖങ്ങളും സുദർശിനി സന്ദർശിക്കും. ‘ലോകയാൻ 2026’ എന്നു പേരിട്ട മഹാസമുദ്രങ്ങൾ പിന്നിട്ടുള്ള യാത്രയിൽ നാവിക, തീരരക്ഷാ സേനകളിലെ 265 ട്രെയ്‌നി ഓഫീസർമാരാണ്‌ പങ്കെടുക്കുന്നത്‌. പകൽ 12ന്‌ നാവിക ആസ്ഥാനത്തെ നോർത്ത്‌ ജെട്ടിയിൽനിന്ന്‌ പ്ര‍ൗഢമായ യാത്രയയപ്പ്‌ നൽകും.


ഫ്രാൻസിലെ ടോൾഷിപ്പ്‌ റേസ്‌, അമേരിക്കയുടെ 250–ാം സ്വാതന്ത്രദിനാഘോഷ പരിപാടികൾ എന്നിവയാണ്‌ ലോകസഞ്ചാരത്തിനിടെ സുദർശിനി പങ്കെടുക്കുന്ന രണ്ടു പ്രധാന പരിപാടികൾ. മാർച്ച്‌, ഏപ്രിൽ മാസങ്ങളിലായാണ്‌ രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന ഫ്രാൻസിലെ ടോൾഷിപ്പ്‌ റേസ്‌. മുപ്പതോളം രാജ്യങ്ങളിൽനിന്നുള്ള അന്പതിലേറെ സമുദ്ര പര്യവേഷണ കപ്പലുകളാണ്‌ ഇതിൽ പങ്കെടുക്കുന്നത്‌. ഇന്ത്യൻ കപ്പോലാട്ട പൈതൃകം വിളംബരംചെയ്‌ത്‌ ജൂലൈയിൽ അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ സുദർശിനി പങ്കെടുക്കും. സൂയസ്‌ കനാൽ, ജിബ്രാൾട്ടർ കടലിടുക്ക്‌ എന്നിവിടങ്ങളും പിന്നിടും.


1997ൽ കമീഷൻ ചെയ്‌ത ഐഎൻഎസ്‌ തരംഗിണി എന്ന പായ്‌ക്കപ്പലിന്റെ പിൻഗാമിയാണ്‌ ഗോവ കപ്പൽശാലയിൽ നിർമിച്ച്‌ 2012ൽ കമീഷൻ ചെയ്‌ത സുദർശിനി. മൂന്ന്‌ വലിയ കാലുകളിൽ ഉയർത്തിയ പായകളുള്ള കപ്പലിന്‌ 54 മീറ്റർ നീളവും 513 ടൺ ഭാരവുമുണ്ട്‌. മുന്നിലെ ബീമിന്റെ നീളം 8. 53 മീറ്റർ. 2012ൽ ഒന്പത്‌ ഏഷ്യൻ രാജ്യങ്ങളിലൂടെ 12,000 മൈൽ പിന്നിട്ടാണ്‌ സമുദ്രസഞ്ചാരം ആരംഭിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home